ആലിംഗനമില്ല, ഹസ്തദാനം മാത്രം; 16 മാസങ്ങൾക്ക് ശേഷം മോദി-ട്രംപ് കൂടിക്കാഴ്ച

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ 16 മാസങ്ങൾക്ക് ശേഷം നടത്തിയ കൂടിക്കാഴ്ച അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാകുന്നു. ഒമാൻ തീരത്ത് യു.എസ് നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതടക്കമുള്ള ഇരു രാജ്യങ്ങളും തമ്മിൽ കടുത്ത അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇരുവരും പരസ്പരം കണ്ടുമുട്ടിയത്.

ഫ്രാൻസിലെ ഇവിയനിൽ നടക്കുന്ന ജി7 (G7) ഉച്ചകോടിക്കിടെ ചൊവ്വാഴ്ചയായിരുന്നു ഈ കൂടിക്കാഴ്ച. പതിവ് രീതികളിൽ നിന്ന് വിപരീതമായി വെറുമൊരു ഹസ്തദാനത്തിലും ചെറുചിരിയിലും ഇരുവരും സ്വാഗതം ചുരുക്കി. മുൻകാല കൂടിക്കാഴ്ചകളിൽ ഇരുവരും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തിന്റെ പ്രതീകമായി മാറിയ പ്രശസ്തമായ 'മോദി-ട്രംപ് ആലിംഗനം' (Hag) ഇത്തവണ ഉണ്ടായില്ല എന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ട്രംപ് ഇരുന്നിരുന്ന ഭാഗത്തേക്ക് പ്രധാനമന്ത്രി മോദി എത്തുകയും ഹസ്തദാനം നൽകി ചിരിച്ചുകൊണ്ട് ചെറിയൊരു സംഭാഷണം നടത്തിയ ശേഷം സ്വന്തം സീറ്റിലേക്ക് മടങ്ങുകയുമായിരുന്നു.

ജി7 ഉച്ചകോടിയുടെ ഔദ്യോഗിക ഗ്രൂപ്പ് ഫോട്ടോ എടുക്കുന്ന സമയത്തും ഇരുവർക്കുമിടയിലെ ഈ അകലം പ്രകടമായിരുന്നു. പരസ്പരം കണ്ണിൽ കണ്ണിൽ നോക്കാതിരിക്കാൻ പോലും ഇരുവരും ശ്രദ്ധിച്ചതായാണ് റിപ്പോർട്ടുകൾ. മോദിയുടെ തൊട്ടരികിലൂടെയാണ് ട്രംപ് നടന്നുപോയത്. ഇരുവരും തമ്മിലുള്ള ഈ പ്രകടമായ അകൽച്ച സോഷ്യൽ മീഡിയയിലും വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂർ, വ്യാപാര നികുതി തർക്കങ്ങൾ (Tariff War), കപ്പൽ ആക്രമണത്തിൽ ഇന്ത്യക്കാർ കൊല്ലപ്പെട്ട സംഭവം എന്നിവയിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച. 2025 ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദി വാഷിങ്ടൺ സന്ദർശിച്ചതിന് ശേഷം ഇരുവരും നേരിട്ട് കാണുന്നത് ഇപ്പോഴാണ്. ബുധനാഴ്ച ഇരു നേതാക്കളും തമ്മിലുള്ള ഔദ്യോഗിക ഉഭയകക്ഷി ചർച്ച നടക്കുമെന്നാണ് വിവരം.