ആണവനിലയങ്ങളിൽ പരിശോധനയില്ല; യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ വാദം തള്ളി ഇറാൻ

 

യു.എസും ഇറാനും തമ്മിൽ സ്വിറ്റ്‌സർലൻഡിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ ഇരുരാജ്യങ്ങളും തമ്മിൽ പുതിയ വാക്പോര്. ഇറാനിലെ ആണവനിലയങ്ങളിൽ യു.എൻ പ്രതിനിധികൾക്ക് വീണ്ടും പരിശോധന നടത്താൻ ഇറാൻ അനുമതി നൽകിയെന്ന യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ പ്രസ്താവന പൂർണ്ണമായും തള്ളി ഇറാൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ആണവ പരിശോധനകളുടെ കാര്യത്തിൽ അമേരിക്കയ്ക്ക് പുതിയ ഉറപ്പുകളൊന്നും നൽകിയിട്ടില്ലെന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാട്. ഖത്തറിന്റെയും പാകിസ്താന്റെയും മധ്യസ്ഥതയിൽ സ്വിറ്റ്‌സർലൻഡിലെ ബർഗൻസ്റ്റോക്കിലാണ് ഇരുരാജ്യങ്ങളുടെയും ഉന്നതതല പ്രതിനിധികൾ പങ്കെടുത്ത ചർച്ച നടന്നത്.

ആദ്യഘട്ട ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ജെ.ഡി വാൻസ് വിവാദ പരാമർശം നടത്തിയത്. ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി (IAEA) പ്രതിനിധികളെ രാജ്യത്തേക്ക് തിരികെ വിളിക്കാൻ ഇറാൻ സമ്മതിച്ചതായും ഇതിനായുള്ള ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നുമായിരുന്നു അദ്ദേഹം അവകാശപ്പെട്ടത്. ഇതിന് പിന്നാലെ ഇറാൻ ആണവ പരിശോധനയ്ക്ക് സമ്മതിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സോഷ്യൽ മീഡിയയിൽ കുറിച്ചു. എന്നാൽ, ഈ അവകാശവാദങ്ങളെല്ലാം ഇറാൻ നിഷേധിക്കുകയായിരുന്നു. ആണവ പരിശോധകരെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് പുതിയ കരാറുകളിലൊന്നും ഒപ്പുവെച്ചിട്ടില്ലെന്നും, ഐ.എ.ഇ.എയുമായുള്ള ഏതൊരു സഹകരണവും ഇറാന്റെ പാർലമെന്റും സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലും നിശ്ചയിച്ച നിലവിലെ നിയമങ്ങൾക്ക് വിധേയമായി മാത്രമേ ഉണ്ടാകൂ എന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇ വ്യക്തമാക്കി.

തർക്കങ്ങൾ നിലനിൽക്കുമ്പോഴും ചർച്ചകളുടെ ഭാഗമായി ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങളിൽ അമേരിക്ക താൽക്കാലിക ഇളവ് വരുത്തിയിട്ടുണ്ട്. പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി ഇറാൻ എണ്ണ യു.എസ് ഡോളറിൽ വിൽക്കാൻ അനുമതി നൽകുന്ന 60 ദിവസത്തെ താൽക്കാലിക ലൈസൻസാണ് യു.എസ് ട്രഷറി ധനകാര്യ വകുപ്പ് നൽകിയത്. ഓഗസ്റ്റ് 21 വരെയുള്ള ഈ താൽക്കാലിക ഇളവിന് പകരമായി ഹോർമുസ് കടലിടുക്ക് തുറന്നുനൽകാമെന്നും ആണവ പരിശോധനയ്ക്ക് അനുമതി നൽകുമെന്നും ഇറാൻ സമ്മതിച്ചതായാണ് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് അറിയിച്ചിരുന്നത്. എന്നാൽ ആണവ കരാറിലെ വ്യവസ്ഥകൾ ഇറാൻ നിഷേധിച്ചതോടെ ചർച്ചകൾ വീണ്ടും പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.