ഇനി വാർഷിക വാടക ഒന്നിച്ച് നൽകേണ്ട; ദുബായിൽ 'റെന്റ് നൗ, പേ ലേറ്റർ' സേവനം സെപ്റ്റംബർ മുതൽ

 

വാടകക്കാർക്കും പ്രവാസികൾക്കും വലിയ ആശ്വാസമേകി ദുബായിൽ 'റെന്റ് നൗ, പേ ലേറ്റർ' (Rent Now, Pay Later) സംവിധാനം വരുന്നു. ഇതോടെ കെട്ടിട ഉടമസ്ഥർക്കുള്ള ഒരു വർഷത്തെ മുഴുവൻ വാടകയും ബാങ്ക് നേരിട്ട് മുൻകൂറായി നൽകും. വാടകക്കാർക്ക് ഇത് 12 മാസത്തോളമുള്ള പലിശരഹിത ഗഡുക്കളായി ബാങ്കിലേക്ക് തിരിച്ചടക്കാം.

ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റും (DLD) പ്രാദേശിക ബാങ്കുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതി സെപ്റ്റംബറോടെ നിലവിൽ വരുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു വർഷത്തെ വാടക ചെക്കുകൾ ഒരുമിച്ച് നൽകാൻ ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് പദ്ധതി ഏറെ സഹായകരമാകും. വാടകക്കാരൻ വീട് തിരഞ്ഞെടുത്ത ശേഷം ബാങ്ക് വഴിയായിരിക്കും പ്രോപ്പർട്ടി ഉടമയ്ക്ക് മുഴുവൻ തുകയും കൈമാറുക.

പദ്ധതിയുടെ അപേക്ഷാരീതികൾ, തിരിച്ചടവ് നിബന്ധനകൾ എന്നിവ ഔദ്യോഗിക ഉദ്ഘാടന വേളയിൽ വ്യക്തമാക്കും. ഈ സംവിധാനം പൂർണ്ണതോതിൽ നടപ്പിലാകുന്നതോടെ ഇത്തരമൊരു സേവനം നൽകുന്ന ലോകത്തിലെ ആദ്യ നഗരമായി ദുബായ് മാറും. മുൻപ് ഡി.എൽ.ഡി അവതരിപ്പിച്ച 'ഫ്ലെക്സി റെന്റ്' (Flexi Rent) സംരംഭത്തിന്റെ തുടർച്ചയായാണ് ഈ പുതിയ പദ്ധതി.