ഇറാനെതിരെ ഏകപക്ഷീയ സൈനിക നീക്കം വേണ്ട; നെതന്യാഹുവിന് മുന്നറിയിപ്പുമായി ഗാഡി ഐസൻകോട്ട്
ഇസ്രായേലിൽ പുതിയ സഖ്യസർക്കാർ അധികാരമേൽക്കുന്നതുവരെയുള്ള രാഷ്ട്രീയ പരിവർത്തന ഘട്ടത്തിൽ ഇറാനെതിരെ അപകടകരമായ സൈനിക നീക്കങ്ങൾക്ക് മുതിരരുതെന്ന് പ്രതിപക്ഷ നേതാവ് ഗാഡി ഐസൻകോട്ട്. കെയർടേക്കർ പ്രധാനമന്ത്രിയായി തുടരുന്ന ബെഞ്ചമിൻ നെതന്യാഹുവിന് അയച്ച ഔദ്യോഗിക കത്തിലാണ് 'യഷാർ' പാർട്ടി നേതാവായ ഐസൻകോട്ട് ഈ കർശന മുന്നറിയിപ്പ് നൽകിയത്.പാർലമെന്റിന്റെ (നെസെറ്റ്) വിശ്വാസമുള്ള പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ ഭരണകൂടം സംയമനവും ജാഗ്രതയും പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നേരിട്ടുള്ളതും അടിയന്തരവുമായ ഭീഷണിയില്ലാത്ത സാഹചര്യത്തിൽ സൈന്യത്തെ വിന്യസിക്കുന്നത് രാജ്യത്തിന്റെ ജനാധിപത്യത്തിനും ഭരണഘടനാ സ്ഥാപനങ്ങളിലുള്ള ജനവിശ്വാസത്തിനും വലിയ തിരിച്ചടിയാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഇറാനെതിരെ പുതിയ സൈനിക ആക്രമണത്തിന് നെതന്യാഹു താല്പര്യപ്പെടുന്നതായും എന്നാൽ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ ഇതിനെ എതിർത്തതായുമുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഐസൻകോട്ടിന്റെ ഇടപെടൽ. അതിനിടെ, സാധ്യമായ ആക്രമണത്തിന് തയ്യാറെടുപ്പുകൾ ശക്തമാക്കാൻ സുരക്ഷാ കാബിനറ്റ് സൈന്യത്തിന് നിർദ്ദേശം നൽകിയതായി ഇസ്രായേലി മാധ്യമമായ 'കാൻ' (KAN) റിപ്പോർട്ട് ചെയ്തു.
സർക്കാർ രൂപീകരിക്കാൻ പ്രസിഡന്റ് ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടും തനിക്ക് പതിവ് സുരക്ഷാ-രഹസ്യാന്വേഷണ വിവരങ്ങൾ നൽകാൻ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാകുന്നില്ലെന്നും ഐസൻകോട്ട് ആരോപിച്ചു. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് അദ്ദേഹം അറ്റോർണി ജനറൽ ഗാലി ബഹറാവ്-മിയാരയ്ക്ക് കത്തയച്ചിട്ടുണ്ട്. എന്നാൽ, ദേശീയ സുരക്ഷാ വിഷയങ്ങളെ രാഷ്ട്രീയവൽക്കരിക്കാനാണ് ഐസൻകോട്ട് ശ്രമിക്കുന്നതെന്നും അതീവ രഹസ്യമായ സൈനിക നീക്കങ്ങൾ പരസ്യമായി ചർച്ച ചെയ്യുന്നത് നിരുത്തരവാദപരമാണെന്നും നെതന്യാഹുവിന്റെ ഓഫീസ് തിരിച്ചടിച്ചു.