വൈദ്യശാസ്ത്ര നൊബേല്‍ 3 പേര്‍ക്ക്; പുരസ്‌കാരം രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട കണ്ടെത്തലിന്

 

2025ലെ വൈദ്യശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. മേരി ഇ ബ്രാങ്കോ, ഫ്രെഡ് റാംസ്ഡെല്‍, ഷിമോണ്‍ സകാഗുച്ചി എന്നീ ശാസ്ത്രജ്ഞര്‍ പുരസ്‌കാരം പങ്കിട്ടു. ശരീരത്തെ ദോഷകരമായി ബാധിക്കുന്നതില്‍ നിന്ന് രോഗപ്രതിരോധ സംവിധാനത്തെ തടയുന്ന പെരിഫറല്‍ ഇമ്യൂണ്‍ ടോളറന്‍സ് സംബന്ധിച്ച വഴിത്തിരിവായ കണ്ടെത്തലുകള്‍ക്കാണ് പുരസ്‌കാരം. 

1961ല്‍ അമേരിക്കയില്‍ ജനിച്ച മേരി ബ്രാങ്കോ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് പി.എച്ച്.ഡി നേടിയത്. നിലവില്‍ സിയാറ്റിലിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിസ്റ്റംസ് ബയോളജിയിലെ സീനിയര്‍ പ്രോഗ്രാം മാനേജറാണ്. 

1960ല്‍ ജനിച്ച ഫ്രെഡ് റാംസ്ഡെല്‍ യൂണിവേഴ്‌സിറ്റി ഓഫ് കലിഫോര്‍ണിയയില്‍ നിന്ന് പിഎച്ച്ഡി നേടിയ ശേഷം സ്വന്തം കമ്പനിയായ സൊനോമ ബയോതെറാപ്യൂട്ടിക്‌സില്‍ സയന്റിഫ്ക് അഡൈ്വസറായി ജോലി ചെയ്യുകയാണ്.

1951ല്‍ ജനിച്ച ഷിമോണ്‍ സകാഗുച്ചി ജപ്പാനിലെ കിയോട്ടോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.ഡിയും പി.എച്ച്.ഡിയും നേടി. നിലവില്‍ ജപ്പാനിലെ ഒസാക യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനാണ്.