ലോകകപ്പ് പന്തയത്തിൽ 'ഫൗൾ': ബ്രിട്ടീഷ് എയർവേയ്‌സ് ലോഗോ പ്രൊഫൈൽ ചിത്രമാക്കി നോർവീജിയൻ എയർ

 

ലോകകപ്പ് മത്സരങ്ങളുടെ ആവേശത്തിൽ വിമാനക്കമ്പനികൾ തമ്മിൽ ഇൻസ്റ്റഗ്രാമിൽ നടന്ന രസകരമായ പന്തയത്തിൽ നോർവീജിയൻ എയറിന് പണി കിട്ടി. ലോകകപ്പ് ക്വാർട്ടർ ഫൈനലിലെ നോർവേ-ഇംഗ്ലണ്ട് മത്സരഫലം സംബന്ധിച്ച് ബ്രിട്ടീഷ് എയർവേയ്‌സും നോർവീജിയൻ എയറും തമ്മിലായിരുന്നു ബെറ്റ്. കളിയിൽ നോർവേ തോറ്റതോടെ, പന്തയ വ്യവസ്ഥപ്രകാരം ഇൻസ്റ്റഗ്രാമിൽ തങ്ങളുടെ ഔദ്യോഗിക ലോഗോ മാറ്റി ബ്രിട്ടീഷ് എയർവേയ്‌സിന്റെ ലോഗോ പ്രൊഫൈൽ ചിത്രമാക്കേണ്ടി വന്നിരിക്കുകയാണ് നോർവീജിയൻ എയറിന്.

മത്സരത്തിൽ തങ്ങളുടെ രാജ്യം തോറ്റാൽ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ചിത്രം മാറ്റി എതിർ കമ്പനിയുടെ ലോഗോ വെക്കാം എന്നതായിരുന്നു പന്തയം. നോർവീജിയൻ എയറാണ് ഈ ചലഞ്ചിന് തുടക്കമിട്ടത്. 'ലോഗോ വെച്ച് പന്തയത്തിന് തയാറുണ്ടോ' എന്ന് ജൂലൈ എട്ടിന് നോർവീജിയൻ എയർ ബ്രിട്ടീഷ് എയർവേയ്‌സിനെ വെല്ലുവിളിക്കുകയായിരുന്നു. ആദ്യം 'ജയിക്കാനാകാത്ത പന്തയങ്ങൾ വെക്കരുത്' എന്ന് ബ്രിട്ടീഷ് എയർവേയ്‌സ് മറുപടി നൽകിയെങ്കിലും, നോർവീജിയൻ എയറിന്റെ പ്രകോപനപരമായ ചോദ്യങ്ങൾക്ക് പിന്നാലെ ജൂലൈ 10-ന് അവർ പന്തയം സ്വീകരിക്കുകയായിരുന്നു.

എന്നാൽ മയാമിയിൽ നടന്ന വാശിയേറിയ ക്വാർട്ടർ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നോർവേ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടു. ഇതോടെ പന്തയത്തിൽ തോറ്റ നോർവീജിയൻ എയർ തങ്ങളുടെ ഇൻസ്റ്റഗ്രാം ലോഗോ മാറ്റി ബ്രിട്ടീഷ് എയർവേയ്‌സിന്റെ ലോഗോയാക്കി. 'ഇംഗ്ലണ്ടും ബ്രിട്ടീഷ് എയർവേയ്‌സും നന്നായി കളിച്ചു' എന്ന് കുറിച്ചുകൊണ്ടാണ് അവർ ലോഗോ മാറ്റിയത്. പന്തയപ്രകാരം ഒരു ദിവസം മുഴുവൻ ഈ ലോഗോ തുടരും.

വ്യത്യസ്തമായ ഈ സോഷ്യൽ മീഡിയ പന്തയം ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. മറ്റ് നിരവധി വിമാനക്കമ്പനികളും സോഷ്യൽ മീഡിയ ഉപയോക്താക്കളും ഇതിനോട് രസകരമായി പ്രതികരിച്ചു. ഇത്ര വലിയ സ്വീകാര്യത പ്രതീക്ഷിച്ചിരുന്നില്ലെന്നും മത്സരത്തിനപ്പുറം മികച്ച സ്പോർട്സ്മാൻ സ്പിരിറ്റും സൗഹൃദവും പങ്കുവെക്കാൻ ഈ കാമ്പെയ്‌നിലൂടെ സാധിച്ചെന്നും നോർവീജിയൻ എയർ വക്താവ് വ്യക്തമാക്കി.