നമ്പർ പ്ലേറ്റ് ലേലം; 267 കോടി രൂപ നേടി ദുബായ് ആർ.ടി.എ
ഫാൻസി നമ്പർ പ്ലേറ്റുകളുടെ ലേലത്തിലൂടെ റെക്കോർഡ് വരുമാനം സ്വന്തമാക്കി ദുബായ് റോഡ് ഗതാഗത അതോറിറ്റി (RTA). ദുബായിൽ നടന്ന 120-ാമത് ഓപ്പൺ ലേലത്തിലൂടെ 109 മില്യൺ ദിർഹമാണ് (ഏകദേശം 267 കോടി രൂപ) അതോറിറ്റി സമാഹരിച്ചത്. വാഹന പ്രേമികളുടെയും നമ്പർ പ്ലേറ്റ് ശേഖരിക്കുന്നവരുടെയും വൻ പങ്കാളിത്തമാണ് ലേലത്തിലുണ്ടായത്.
ലേലത്തിൽ വെച്ച 90 സ്പെഷ്യൽ നമ്പറുകളിൽ 'BB 12' എന്ന നമ്പറാണ് ഏറ്റവും ഉയർന്ന തുകയ്ക്ക് വിറ്റുപോയത്. 9.66 മില്യൺ ദിർഹത്തിനാണ് (ഏകദേശം 23.66 കോടി രൂപ) ഈ നമ്പർ ഉടമ സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള 'AA 25' എന്ന നമ്പർ 8 മില്യൺ ദിർഹത്തിലധികം നേടി. 'BB 30' (6.74 മില്യൺ ദിർഹം), 'CC 100' (4.21 മില്യൺ ദിർഹം) എന്നിവയാണ് വൻ തുക ലഭിച്ച മറ്റ് നമ്പറുകൾ.
രണ്ട് മുതൽ അഞ്ച് അക്കങ്ങൾ വരെയുള്ള വിവിധ കോഡുകളിലുള്ള നമ്പറുകളാണ് ലേലത്തിന് വെച്ചിരുന്നത്. ദുബായ് ട്രാഫിക് ഫയലുകൾ ഉള്ളവർക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റ് നൽകി നേരിട്ടും ഓൺലൈനായും ലേലത്തിൽ പങ്കെടുക്കാൻ സൗകര്യമുണ്ടായിരുന്നു. ആർ.ടി.എയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമാഹരണങ്ങളിൽ ഒന്നായാണ് ഈ ലേലം വിലയിരുത്തപ്പെടുന്നത്.