തീർത്ഥാടകർക്ക് ആശ്വാസമായി ‘നുസ്ക് കാർഡ്’; ഹജ്ജ്-ഉംറ സേവനങ്ങളിൽ വൻ ഇളവുകളും ഓഫറുകളും

 

ഹജ്ജ്-ഉംറ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങളും സാമ്പത്തിക ഇളവുകളും ഉറപ്പാക്കുന്നതിനായി ഹജ്ജ്-ഉംറ മന്ത്രാലയം ‘നുസ്ക് കാർഡ്’ വഴി സവിശേഷമായ ഓഫറുകൾ പ്രഖ്യാപിച്ചു. തീർത്ഥാടകരുടെ യാത്രയും താമസവും കൂടുതൽ സുഗമമാക്കുന്നതിനായി വിവിധ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് മന്ത്രാലയം ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഗതാഗതം, കാറ്ററിങ്, ഹോസ്പിറ്റാലിറ്റി (താമസം), ആരോഗ്യ സംരക്ഷണം, റീട്ടെയിൽ വ്യാപാരം എന്നീ മേഖലകളിലെ മുൻനിര ദേശീയ സ്ഥാപനങ്ങൾ നുസ്ക് കാർഡ് ഉടമകൾക്ക് പ്രത്യേക ഡിസ്‌കൗണ്ടുകൾ നൽകും. നുസ്ക് പ്ലാറ്റ്‌ഫോമിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഈ സ്ഥാപനങ്ങൾ വഴി തീർത്ഥാടകർക്ക് ഉയർന്ന നിലവാരമുള്ള സേവനങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഹജ്ജ് മന്ത്രാലയവും രാജ്യത്തെ ബിസിനസ് സമൂഹവും തമ്മിലുള്ള ഏകോപനത്തിന് വാണിജ്യ ചേംബറുകൾ നേതൃത്വം നൽകുന്നു.

പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിനും ഔദ്യോഗിക തിരിച്ചറിയൽ രേഖയായും നുസ്ക് കാർഡ് നിർബന്ധമാണ്. സൗദിയിൽ എത്തുന്ന സമയം മുതൽ മടക്കയാത്ര വരെ എല്ലാ ഘട്ടങ്ങളിലും ഈ ഡിജിറ്റൽ/ഫിസിക്കൽ കാർഡ് കൈവശം വെക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. സേവനങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ, ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ തീർത്ഥാടകർക്ക് വലിയ സാമ്പത്തിക ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.