ട്രാഫിക് നിയമങ്ങൾ പാലിച്ച് മാതൃകയായി; ഡെലിവറി ബോയിക്ക് അബുദാബി പോലീസിന്റെ ആദരം

 

ട്രാഫിക് നിയമങ്ങൾ പൂർണ്ണമായി പാലിച്ചും റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തിയും മാതൃകാപരമായി വാഹനം ഓടിച്ച തലാബാത് (Talabat) ഡെലിവറി റൈഡറെ അബുദാബി പോലീസ് ആദരിച്ചു. ദൈനംദിന ജോലികൾക്കിടയിലും റോഡിലെ അച്ചടക്കം കൈവിടാതിരുന്ന റൈഡർക്കുള്ള പ്രത്യേക ഉപഹാരം അബുദാബി പോലീസ് സെൻട്രൽ ഓപ്പറേഷൻസ് സെക്ടർ ഡയറക്ടർ ബ്രിഗേഡിയർ നാസർ സുലൈമാൻ അൽ മസ്കരി സമ്മാനിച്ചു.

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിലും സമൂഹത്തിൽ നല്ല രീതിയിലുള്ള ഡ്രൈവിങ് സംസ്കാരം വളർത്തിയെടുക്കുന്നതിലും റൈഡറുടെ പെരുമാറ്റം ഏറെ മികച്ചുനിന്നതായി പോലീസ് വ്യക്തമാക്കി. റോഡ് ഉപയോക്താക്കൾക്കിടയിൽ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിന്റെ പ്രാധാന്യവും സുരക്ഷാബോധവും ശക്തിപ്പെടുത്താൻ സഹായിക്കുന്ന മികച്ചൊരു മാതൃകയാണ് ഈ റൈഡറുടെ അച്ചടക്കമെന്ന് ബ്രിഗേഡിയർ നാസർ സുലൈമാൻ അൽ മസ്കരി പ്രശംസിച്ചു.

റോഡ് സുരക്ഷ വർദ്ധിപ്പിക്കാനും ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കാൻ മറ്റുള്ളവർക്ക് പ്രചോദനമേകാനും ലക്ഷ്യമിട്ട്, സമൂഹത്തിൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്ന ഇത്തരം വ്യക്തികളെ അബുദാബി പോലീസ് എപ്പോഴും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.