ഹോർമുസ് കടലിടുക്കിൽ മൈനിൽ തട്ടി എണ്ണക്കപ്പൽ തകർന്നു; 24 മണിക്കൂറിനിടെ നാലാമത്തെ ആക്രമണം
ഹോർമുസ് കടലിടുക്കിന് സമീപം ഒമാൻ തീരത്ത് നാവിക മൈനിൽ തട്ടി എണ്ണക്കപ്പലിന് തീപിടിച്ചു. ഒമാനിലെ ഖസബിൽ നിന്ന് ഏഴ് നോട്ടിക്കൽ മൈൽ (ഏകദേശം 13 കിലോമീറ്റർ) അകലെയാണ് അപകടമുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മേഖലയിലുണ്ടാകുന്ന നാലാമത്തെ കപ്പൽ ആക്രമണമാണിതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലാണ് അപകടത്തിൽപ്പെട്ടതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ആക്രമണത്തിൽ കപ്പലിന്റെ എൻജിൻ മുറിക്ക് തീപിടിക്കുകയും പ്രവർത്തിക്കാനാവാത്ത വിധം കപ്പൽ പൂർണ്ണമായും നിശ്ചലമാവുകയും ചെയ്തു. എന്നാൽ, കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചതായി അധികൃതർ അറിയിച്ചു.
സംഭവം ഇറാനിയൻ നാവികസേനയും സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിൽ കപ്പലിന് കനത്ത നാശനഷ്ടം സംഭവിച്ചതായി ഇറാൻ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിന് കിഴക്കുള്ള നിരോധിത കടൽമേഖലയിലൂടെ നാവിഗേഷൻ സംവിധാനങ്ങൾ ഓഫ് ചെയ്ത നിലയിലാണ് കപ്പൽ സഞ്ചരിച്ചിരുന്നതെന്ന് ഇറാൻ ഔദ്യോഗിക റേഡിയോ-ടെലിവിഷൻ പ്രക്ഷേപകരായ ഐആർഐബി (IRIB) പുറത്തുവിട്ട പ്രസ്താവനയിൽ നാവികസേന അവകാശപ്പെട്ടു. നേരത്തെ, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിക്കുന്നതിനിടെ മൂന്ന് എണ്ണക്കപ്പലുകൾ മൈനുകളിൽ തട്ടിയതായും, അനധികൃതമായി തെക്കൻ കപ്പൽ പാത ഉപയോഗിക്കാൻ ശ്രമിച്ച രണ്ട് എണ്ണക്കപ്പലുകൾ നാവിക മൈനിൽ തട്ടി അപകടത്തിൽപ്പെട്ടതായും ഇറാൻ സൈന്യം വ്യക്തമാക്കിയിരുന്നു.