കോപ്പൻഹേഗനിലേക്ക് സർവീസ് ആരംഭിച്ച് ഒമാൻ എയർ

 

മസ്‌കത്തിൽ നിന്ന് ബഗ്ദാദ് വഴി ഡെന്മാർക്ക് തലസ്ഥാനമായ കോപ്പൻഹേഗനിലേക്ക് സർവീസ് ആരംഭിച്ച് ഒമാൻ എയർ. മിഡിൽ ഈസ്റ്റും യൂറോപ്പും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കമെന്ന് ഒമാൻ എയർ അറിയിച്ചു. ഇതാദ്യമായാണ് ഒമാൻ ദേശീയ വിമാനക്കമ്പനി കോപ്പൻഹേഗനിലേക്ക് സർവീസ് നടത്തുന്നത്. ഡിസംബർ 20 ശനിയാഴ്ചയായിരുന്നു ഈ റൂട്ടിലെ കന്നി സർവീസ്. കൂടാതെ, ഇറാഖിലേക്ക് നേരിട്ട് ഒമാൻ എയർ നടത്തുന്ന ആദ്യ സർവീസ് കൂടിയാണിത്.

ഇരു രാജ്യങ്ങളുമായുള്ള ഒമാന്റെ സാമ്പത്തിക, നയതന്ത്ര ബന്ധങ്ങൾ വർദ്ധിപ്പിക്കാൻ ഈ പുതിയ സർവീസ് സഹായിക്കും. അത്യാധുനിക സൗകര്യങ്ങളുള്ള ബി737 മാക്സ് വിമാനമാണ് ഈ റൂട്ടിൽ ഉപയോഗിക്കുന്നത്. ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഇറാഖിലെ ഒമാൻ എംബസി ചാർജ് ദാഫെയർ ശൈഖ് മഹ്മൂദ് ബിൻ മുഹന്ന അൽ ഖറൂസി, ഇറാഖ് ഗതാഗത മന്ത്രി റസാഖ് മുഹൈബിസ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. സ്കാൻഡിനേവിയൻ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്കും ബിസിനസ് ആവശ്യങ്ങൾക്കും ഈ പുതിയ സർവീസ് വലിയ സഹായകമാകുമെന്ന് ഒമാൻ എയർ ഡെപ്യൂട്ടി സിഇഒ എഞ്ചിനീയർ ഹമൂദ് അൽ അലവി വ്യക്തമാക്കി.