2026 ബജറ്റിൽ റോഡ് വികസനത്തിനായി 270 കോടി റിയാൽ വകയിരുത്തി ഒമാൻ
ഒമാന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പുത്തൻ ഉണർവ് നൽകിക്കൊണ്ട് 2026-ലെ ബജറ്റിൽ വൻ പ്രഖ്യാപനം. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലായി ഏകദേശം 2,525 കിലോമീറ്റർ നീളുന്ന റോഡുകൾക്കായി 270 കോടി റിയാലാണ് സർക്കാർ വകയിരുത്തിയത്. പ്രധാന ഹൈവേകളും ആഭ്യന്തര റോഡുകളും നവീകരിക്കുന്നതിലൂടെ രാജ്യത്തിന്റെ ഗതാഗത ശൃംഖല കൂടുതൽ ശക്തമാക്കുകയാണ് ലക്ഷ്യം. മസ്‌കത്ത് എക്സ്പ്രസ് വേയുടെ വികസന പ്രവർത്തനങ്ങൾ ഈ വർഷം തന്നെ തുടങ്ങുമെന്നതാണ് ബജറ്റിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം.
ഖസബ് - ദിബ്ബ - ലിമ പാത (സുൽത്താൻ ഫൈസൽ ബിൻ തുർക്കി റോഡ്), ആദം - തുംറൈത്ത് പാത (സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡ്), അൽ കാമിൽ വൽ വാഫി മുതൽ സൂർ വരെയുള്ള പാത തുടങ്ങി ഒട്ടേറെ സുപ്രധാന റോഡ് പദ്ധതികൾ ഇതിലൂടെ പൂർത്തിയാക്കും. ഇതുകൂടാതെ അൽ അൻസാബ്-അൽ ജിഫ്നൈൻ, റയ്സൂത്ത് - അൽ മുഗ്സൈൽ, ഹർവീബ് - മിതാൻ എന്നീ റോഡുകളും നിസ്വയിലെ വിവിധ പാതകളും ഈ പദ്ധതിയുടെ ഭാഗമാണ്.
ഒമാന്റെ ടൂറിസം, ലോജിസ്റ്റിക്സ്, മറ്റ് സാമ്പത്തിക മേഖലകളുടെ വളർച്ചയ്ക്ക് മികച്ച റോഡ് സൗകര്യങ്ങൾ അത്യന്താപേക്ഷിതമാണെന്ന വിലയിരുത്തലിലാണ് ബജറ്റിൽ ഈ വലിയ തുക നീക്കിവെച്ചിരിക്കുന്നത്. പുതിയ റോഡുകൾ വരുന്നതോടെ യാത്രാസമയം കുറയുന്നതിനൊപ്പം വ്യാപാര മേഖലയ്ക്കും വലിയ കരുത്താകും. ഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നത് വഴി വിദേശ നിക്ഷേപകരെ ആകർഷിക്കാനും ഒമാൻ ലക്ഷ്യമിടുന്നു.