അന്താരാഷ്ട്ര ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ഒമാൻ സായുധ സേനയ്ക്ക് വൻ വിജയം; മെഡലുകൾ വാരിക്കൂട്ടി ഒമാൻ സംഘം

 

യുകെയിൽ നടന്ന ബ്രിട്ടീഷ് ഷൂട്ടിങ് അസോസിയേഷൻ, ബ്രിട്ടീഷ് ആർമി ഷൂട്ടിങ് അസോസിയേഷൻ ചാമ്പ്യൻഷിപ്പുകളിൽ ഒമാൻ സുൽത്താന്റെ സായുധ സേനാംഗങ്ങൾ മികച്ച പ്രകടനവുമായി തിളങ്ങി. ജൂൺ 21 വരെ നീണ്ടുനിൽക്കുന്ന ഈ രാജ്യാന്തര കായികമേളയിൽ നിരവധി കിരീടങ്ങളും വ്യക്തിഗത പുരസ്കാരങ്ങളുമാണ് ഒമാൻ സംഘം സ്വന്തമാക്കിയത്. ബ്രിട്ടീഷ് ആർമി മത്സരങ്ങളിൽ അഞ്ചും, ബ്രിട്ടീഷ് ഷൂട്ടിങ് അസോസിയേഷൻ ഇനങ്ങളിൽ രണ്ടും ഉൾപ്പെടെ നിരവധി കപ്പുകൾ നേടിയാണ് ഒമാൻ സംഘം വിജയക്കൊടി പാറിച്ചത്.

അന്താരാഷ്ട്ര ഷൂട്ടർമാരുടെ വിഭാഗത്തിൽ റോയൽ ഗാർഡ് ഓഫ് ഒമാനിലെ വാറന്റ് ഓഫീസർ അസ്സാൻ ബിൻ അബ്ദുല്ല ബിൻ നാസർ അൽ-അബ്രി 'കിങ്സ് ഷൂട്ടിങ് മെഡൽ' സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാനമായി മാറി. ഇതിന് പുറമെ 'പെൻ റീഓർഗനൈസേഷൻ' മത്സരത്തിൽ റോയൽ ഒമാൻ പോലീസിലെ ലെഫ്റ്റനന്റ് സയ്യിദ് ബിൻ സലേം അൽ-മഷികാരിയും, 'ഡിഫൻസ്' മത്സരത്തിൽ റോയൽ എയർഫോഴ്സിലെ സെർജന്റ് ഹമദ് ബിൻ നാസർ അൽ-കിയുമിയും ഒന്നാം സ്ഥാനം നേടി.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള കരുത്തരായ ടീമുകളോട് മത്സരിച്ചാണ് ഒമാൻ സായുധ സേന ഈ സുവർണ്ണ നേട്ടങ്ങൾ കൈവരിച്ചത്. ഒമാൻ ഷൂട്ടിങ് ടീമിന്റെ മികച്ച പരിശീലനത്തിനും ഉയർന്ന നിലവാരത്തിനും ലഭിച്ച അംഗീകാരമാണ് ഈ വിജയമെന്ന് പ്രതിനിധി സംഘത്തിന്റെ തലവനും ലെഫ്റ്റനന്റ് കേണലുമായ മുസ്ലിം ബിൻ അബ്ദുള്ള അൽ-സുബ്ഹി വ്യക്തമാക്കി.