ഒമാൻ ബൊട്ടാണിക്കൽ ഗാർഡൻ അന്തിമഘട്ടത്തിൽ; പദ്ധതി മസ്കത്ത് മുനിസിപ്പാലിറ്റിക്ക് കൈമാറി

 

ഒമാനിലെ ഏറ്റവും വലിയ പാരിസ്ഥിതിക ടൂറിസം പദ്ധതികളിലൊന്നായ ബൊട്ടാണിക്കൽ ഗാർഡൻ പ്രൊജക്ട് അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണ്. അവസാന ഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനായി പൈതൃക-ടൂറിസം മന്ത്രാലയം ഈ പദ്ധതി മസ്‌കത്ത് മുനിസിപ്പാലിറ്റിക്ക് കൈമാറി.

സന്ദർശക സേവനങ്ങൾ, വിദ്യാഭ്യാസ പരിപാടികൾ, ദീർഘകാല മാനേജ്‌മെൻ്റ് എന്നിവയുൾപ്പെടെ പദ്ധതിയുടെ പ്രവർത്തനങ്ങൾക്കും പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുന്നതിനുള്ള ഘട്ടങ്ങൾക്കും ഇനി മസ്‌കത്ത് മുനിസിപ്പാലിറ്റിയാണ് മേൽനോട്ടം വഹിക്കുക.

മസ്‌കത്തിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ അകലെ അൽ ഹജർ പർവതനിരകളുടെ പശ്ചാത്തലത്തിലാണ് ഈ ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. അരൂപ്-ഹാലി ഷാർപ്പ് ഡിസൈനുമായി സഹകരിച്ച് ഗ്രിംഷോയാണ് പദ്ധതി രൂപകൽപ്പന ചെയ്തത്. 495 ഹെക്ടർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന സൈറ്റിൽ 55 ഹെക്ടറിലാണ് പ്രധാന പൂന്തോട്ടം ഒരുക്കിയിട്ടുള്ളത്.

ഒമാനിലെ വൈവിധ്യമാർന്ന പരിസ്ഥിതി വ്യവസ്ഥകളെ എടുത്തുകാട്ടുന്ന എട്ട് വ്യത്യസ്ത ആവാസവ്യവസ്ഥകൾ സന്ദർശകർക്ക് ഇവിടെ പര്യവേക്ഷണം ചെയ്യാം. ഒമാനിലെ തദ്ദേശീയ സസ്യങ്ങളുടെ ഒരു ജീവനുള്ള ആർക്കൈവായി ഈ പദ്ധതി പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.