സോഷ്യൽ മീഡിയയിലെ അനധികൃത സർവേകളിൽ പങ്കെടുക്കരുത്: വ്യവസായികൾക്ക് മുന്നറിയിപ്പുമായി ഒമാൻ ചേംബർ
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന അനധികൃത സർവേകളിലും അഭിപ്രായ വോട്ടെടുപ്പുകളിലും ബിസിനസ് ഉടമകളും ചേംബർ അംഗങ്ങളും പങ്കെടുക്കരുതെന്ന് ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (OCCI) കർശന മുന്നറിയിപ്പ് നൽകി. ഔദ്യോഗിക അനുമതിയില്ലാത്ത നിരവധി സർവേ ലിങ്കുകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് അധികൃതരുടെ ജാഗ്രതാ നിർദ്ദേശം.
വ്യാജ ലിങ്കുകൾ വഴി സ്ഥാപനങ്ങളുടെയോ വ്യക്തികളുടെയോ സുപ്രധാന വിവരങ്ങളും ഡാറ്റകളും കൈമാറരുതെന്ന് ഒ.സി.സി.ഐ അഭ്യർഥിച്ചു. ചേംബറിന്റെ പേര് ദുരുപയോഗം ചെയ്ത് സർവേകൾ നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. ഔദ്യോഗിക ചാനലുകൾ വഴി പുറത്തുവിടാത്ത വിവരങ്ങളുടെ പ്രത്യാഘാതങ്ങൾക്ക് ചേംബർ ഉത്തരവാദിയായിരിക്കില്ലെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഒമാനിലെ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷനുമായി (NCSI) ഏകോപിപ്പിച്ച്, ഔദ്യോഗിക മാധ്യമങ്ങളിലൂടെ മാത്രമാണ് ചേംബർ ഇത്തരം സർവേകൾ നടത്തുന്നത്.