കടലിലോ തീരത്തോ എണ്ണച്ചോർച്ച കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണം: ഒമാൻ പരിസ്ഥിതി അതോറിറ്റി
ഒമാൻ കടലിലോ തീരപ്രദേശങ്ങളിലോ എണ്ണച്ചോർച്ച ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം അധികൃതരെ വിവരമറിയിക്കണമെന്ന് പരിസ്ഥിതി അതോറിറ്റിയുടെ അഭ്യർഥന. പരിസ്ഥിതി മലിനീകരണം തടയാനും പ്രത്യാഘാതം കുറയ്ക്കാനും ജനങ്ങളുടെ ജാഗ്രതയും അടിയന്തര റിപ്പോർട്ടിങ്ങും അത്യാവശ്യമാണെന്ന് അതോറിറ്റി വ്യക്തമാക്കി.
വിവരം ലഭിക്കുന്ന ഉടൻ 'എൻവയോൺമെന്റൽ എമർജൻസി പ്ലാൻ' സജീവമാക്കി മറ്റ് സർക്കാർ ഏജൻസികളുമായി ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കും. കടൽവെള്ളവും തീരങ്ങളും മലിനമാകുന്നത് സമുദ്രജീവികൾക്കും മത്സ്യബന്ധന, വിനോദസഞ്ചാര മേഖലകൾക്കും കനത്ത ഭീഷണിയാണ്.
എണ്ണച്ചോർച്ച ബാധിച്ച തീരങ്ങളിൽ ഇറങ്ങാനോ എണ്ണ കലർന്ന അവശിഷ്ടങ്ങളിൽ തൊടാനോ ശ്രമിക്കരുത്. സ്വന്ത നിലയിൽ ശുചീകരണത്തിന് മുതിരാതെ, എണ്ണപ്പാടകളോ ചത്തുപൊങ്ങിയ സമുദ്രജീവികളെയോ കണ്ടാൽ ഉടൻ തന്നെ അതോറിറ്റിയെ ഔദ്യോഗികമായി അറിയിക്കണം. സോഷ്യൽ മീഡിയ വഴി സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.