അനുവാദമില്ലാതെ ഫോൺ റെക്കോർഡ് ചെയ്താൽ ഒമാനിൽ കനത്ത ശിക്ഷ; 3 വർഷം തടവും 5000 റിയാൽ പിഴയും
ഒമാനിൽ മറ്റുള്ളവരുടെ അനുമതിയില്ലാതെ ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുന്നതും സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതും കനത്ത ശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഔദ്യോഗിക അനുമതിയോ വ്യക്തികളുടെ സമ്മതമോ ഇല്ലാതെ സംഭാഷണങ്ങൾ ചോർത്തുക, തടസ്സപ്പെടുത്തുക, റെക്കോർഡ് ചെയ്യുക, മറ്റുള്ളവർക്ക് കൈമാറുകയോ പരസ്യപ്പെടുത്തുകയോ ചെയ്യുക എന്നിവ സൈബർ ക്രൈം നിയമപ്രകാരം വലിയ കുറ്റമാണ്.
പുതിയ സൈബർ കുറ്റകൃത്യ നിരോധന നിയമത്തിലെ ആർട്ടിക്കിൾ 36(1) പ്രകാരം നിയമലംഘകർക്ക് മൂന്ന് വർഷം വരെ തടവോ, 5,000 ഒമാനി റിയാൽ (ഏകദേശം 10 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) വരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ഡിജിറ്റൽ ഇടപെടലുകളും കർശനമായി തടയുന്നതാണ് ഈ നിയമം. ഡിജിറ്റൽ ഇടങ്ങളിൽ മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കണമെന്നും ഇത്തരം നിയമവിരുദ്ധമായ പ്രവണതകളിൽ നിന്ന് പൊതുജനങ്ങൾ പൂർണ്ണമായും വിട്ടുനിൽക്കണമെന്നും പബ്ലിക് പ്രോസിക്യൂഷൻ ഓർമ്മിപ്പിച്ചു.