വേനൽച്ചൂടിൽ ഒമാൻ; സുഹാറിൽ താപനില 43 ഡിഗ്രി കടന്നു

 

വേനൽക്കാലത്തിന്റെ തുടക്കത്തിൽ തന്നെ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ചൂട് അതിവേഗം വർധിക്കുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സുൽത്താനേറ്റിലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് സുഹാറിലാണ്; 43.4 ഡിഗ്രി സെൽഷ്യസ്. വരും ദിവസങ്ങളിൽ ചൂട് ഇനിയും വർധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

സുഹാർ കൂടാതെ ഖുറിയാത്തിൽ 43.3 ഡിഗ്രിയും ഫഹൂദിൽ 43.2 ഡിഗ്രിയും താപനില രേഖപ്പെടുത്തി. ഷിനാസ്, മുദൈബി തുടങ്ങിയ ഇടങ്ങളിൽ 42 ഡിഗ്രിക്ക് മുകളിലാണ് ചൂട്. വടക്കൻ ഗവർണറേറ്റുകളിലും ഉൾനാടൻ മരുഭൂമി പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ താപനില 47 ഡിഗ്രി വരെ ഉയർന്നേക്കാം. മസ്‌കറ്റ് ഉൾപ്പെടെയുള്ള തീരദേശ മേഖലകളിൽ അന്തരീക്ഷ ഈർപ്പം കൂടുതലായതിനാൽ അനുഭവപ്പെടുന്ന ചൂട് (Heat Index) വളരെ കൂടുതലായിരിക്കും. ചൂടിനൊപ്പം മണൽകാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

താപനില ഉയരുന്ന സാഹചര്യത്തിൽ ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിച്ചു. നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണമെന്നും നിർദ്ദേശമുണ്ട്. പുറംജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി ഒമാനിൽ ഉച്ചവിശ്രമ നിയമം വരും മാസങ്ങളിൽ പ്രാബല്യത്തിൽ വരും. അമിതമായ ചൂട് മൂലം ഉണ്ടാകാനിടയുള്ള ആരോഗ്യപ്രശ്നങ്ങൾക്കെതിരെ മുൻകരുതൽ എടുക്കണമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓർമ്മിപ്പിച്ചു.