ഒമാൻ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ 2027-ഓടെ പ്രവർത്തനസജ്ജമാകും; കമ്പനി രജിസ്‌ട്രേഷൻ ഈ വർഷം ആരംഭിക്കും

 

സുൽത്താനേറ്റിന്റെ സാമ്പത്തിക മേഖലയ്ക്ക് വൻ കുതിപ്പേകുന്ന ഒമാൻ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ 2027-ഓടെ പൂർണതോതിൽ പ്രവർത്തനസജ്ജമാകും. ഇതോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. സെന്ററിലേക്കുള്ള അന്താരാഷ്ട്ര കമ്പനികളുടെ രജിസ്‌ട്രേഷൻ നടപടികൾ ഈ വർഷം അവസാനത്തോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥാപനങ്ങളുടെ ലൈസൻസിങ്, സാമ്പത്തിക സേവനങ്ങളുടെ നിയന്ത്രണം, തർക്ക പരിഹാരങ്ങൾ എന്നിവയ്ക്കായി കോമൺ ലോ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്വതന്ത്ര ചട്ടക്കൂടും നിയമങ്ങളും തയാറായി വരുന്നു.

നിയമപരമായ ചട്ടക്കൂടുകളും ആവശ്യമായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറും പൂർത്തിയാകുന്ന ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ഒമാൻ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയർമാൻ മഹ്മൂദ് ബിൻ അബ്ദുള്ള അൽ അവൈനി പറഞ്ഞു. വേൾഡ് അലയൻസ് ഓഫ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റേഴ്സിൽ അംഗത്വം നേടിയ സെന്റർ, ഐ.എം.എഫ്, വേൾഡ് ബാങ്ക് എന്നിവയുമായും സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. സ്വകാര്യ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സാമ്പത്തിക വൈവിധ്യവൽക്കരണം ശക്തമാക്കുന്നതിലൂടെയും 'ഒമാൻ വിഷൻ 2040' ന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.