ഹോർമൂസ് കടലിടുക്കിൽ പുതിയ ഫോർമുലയുമായി ഒമാൻ; സമാന്തര പാത നിർദേശം തള്ളി ഇറാൻ

 

ഹോർമൂസ് കടലിടുക്കിലെ തർക്കങ്ങൾ പരിഹരിക്കാൻ ഗൾഫ് രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തിയുള്ള പുതിയ പദ്ധതി ഇറാനു മുന്നിൽ സമർപ്പിച്ച് ഒമാൻ. ഇറാൻ ഒറ്റയ്ക്ക് മേഖല നിയന്ത്രിക്കുന്നതിന് പകരം ഈ പാത ഉപയോഗിക്കുന്ന ഗൾഫ് രാഷ്ട്രങ്ങൾ ചേർന്ന് സംയുക്തമായി കൈകാര്യം ചെയ്യണമെന്നാണ് നിർദേശം. മലാക്ക കടലിടുക്കിന്റെ മാതൃകയിലാണ് ഒമാന്റെ ഫോർമുലയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, ഒമാൻ തീരത്തോട് ചേർന്ന് താൽക്കാലികമായി സമാന്തര പാത തുറന്നുനൽകാനുള്ള നിർദേശം ഇറാൻ തള്ളി. സംഘർഷങ്ങൾക്കിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലെത്തി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തും.

ഇസ്രയേലിന്റെ കനത്ത ആക്രമണമാണ് ഇറാന്റെ നിലപാട് മാറ്റത്തിന് കാരണമെന്ന് ട്രംപ് അവകാശപ്പെട്ടു. ലബനനിൽ നിന്ന് ഇസ്രയേൽ പിന്മാറാതെ യുഎസ് ചർച്ചകൾക്ക് വഴിയില്ലെന്ന നിലപാടിലാണ് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി.