ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് സുരക്ഷിത യാത്രയൊരുക്കാൻ താൽക്കാലിക ഇടനാഴിയുമായി ഒമാൻ
ആഗോള ഊർജ്ജ-വ്യാപാര മേഖലയിൽ നിർണായകമായ ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ പുതിയ നീക്കവുമായി ഒമാൻ. ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷനുമായി (IMO) സഹകരിച്ച് താൽക്കാലിക സമുദ്ര ഇടനാഴി ഒരുക്കാനാണ് ഒമാൻ നടപടികൾ ആരംഭിച്ചത്. അന്താരാഷ്ട്ര നിയമങ്ങളും യു.എൻ കടൽ നിയമ ഉടമ്പടിയും പൂർണ്ണമായി പാലിച്ചുകൊണ്ട്, ലോകത്തെ ഏറ്റവും സങ്കീർണ്ണമായ ഈ കപ്പൽപാതയിലൂടെയുള്ള ചരക്കുനീക്കം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാണ് ഒമാന്റെ ഈ അടിയന്തര ഇടപെടൽ.
അമേരിക്കയും ഇറാനും തമ്മിൽ അടുത്തിടെയുണ്ടായ നയതന്ത്ര ചർച്ചകളുടെയും ധാരണകളുടെയും അടിസ്ഥാനത്തിലാണ് ഹുർമുസിൽ ഒമാൻ ഈ പുതിയ ക്രമീകരണം ഏർപ്പെടുത്തുന്നത്. ഈ താൽക്കാലിക പാത തിരഞ്ഞെടുക്കാൻ താല്പര്യപ്പെടുന്ന കപ്പലുകൾ സുരക്ഷിത യാത്രയ്ക്കായി ഐ.എം.ഒ.യുമായി മുൻകൂട്ടി ബന്ധപ്പെടേണ്ടതുണ്ട്. ഈ പുതിയ ഇടനാഴിയിലൂടെയുള്ള യാത്രയ്ക്ക് പ്രത്യേക നികുതികളോ മറ്റ് നിയന്ത്രണങ്ങളോ ഉണ്ടാകില്ലെന്ന് ഒമാൻ അധികൃതർ വ്യക്തമാക്കി.
അതേസമയം, ഇറാനും യുഎസും തമ്മിൽ ഒപ്പുവെച്ച സുപ്രധാന ധാരണാപത്രത്തെ ഐ.എം.ഒ. ജനറൽ സെക്രട്ടറി ആഴ്സീനിയോ ഡൊമിംഗസ് സ്വാഗതം ചെയ്തു. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് മാസങ്ങളായി ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് നാവികർക്കും ആഗോള വ്യാപാര മേഖലയ്ക്കും വലിയ ആശ്വാസമാണ് ഈ സമാധാന കരാറെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലെ സംഘർഷത്തിനിടയിൽ ജീവൻ നഷ്ടപ്പെട്ട പതിനാല് നാവികർക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു. ഹോർമുസ് കടലിടുക്കിൽ നിലവിൽ കുടുങ്ങിക്കിടക്കുന്ന പതിനൊന്നായിരത്തോളം (11,000) നാവികരെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള പദ്ധതികൾ ഉടൻ ആരംഭിക്കുമെന്നും, ഒമാൻ, ഇറാൻ, യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സഹകരണത്തോടെയായിരിക്കും ഈ വൻ ഒഴിപ്പിക്കൽ നടപടി നടപ്പാക്കുകയെന്നും ഐ.എം.ഒ. വ്യക്തമാക്കി.