ആഗോള പരിസ്ഥിതി പ്രകടന സൂചികയിൽ വൻ മുന്നേറ്റവുമായി ഒമാൻ; ആഗോളതലത്തിൽ 49-ാം സ്ഥാനം

 

പരിസ്ഥിതി സംരക്ഷണത്തിലും പ്രകൃതിവിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തിലും ആഗോളതലത്തിൽ വൻ മുന്നേറ്റം കൈവരിച്ച് ഒമാൻ. ഏറ്റവും പുതിയ ആഗോള പരിസ്ഥിതി പ്രകടന സൂചികയിൽ (Environmental Performance Index) 180 രാജ്യങ്ങളിൽ 49-ആം സ്ഥാനം ഒമാൻ സ്വന്തമാക്കി. കഴിഞ്ഞ തവണ 55-ആം സ്ഥാനത്തായിരുന്ന ഒമാൻ, ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ഈ നേട്ടം കൈവരിച്ചത്.

പുതിയ റാങ്കിങ് പ്രകാരം മിഡിൽ ഈസ്റ്റിൽ മൂന്നാം സ്ഥാനത്തും അറബ് ലോകത്തും ജി.സി.സി രാജ്യങ്ങൾക്കിടയിലും രണ്ടാം സ്ഥാനത്തുമാണ് ഒമാന്റെ സ്ഥാനം. അറബ് ലോകത്ത് യു.എ.ഇയാണ് (ആഗോള റാങ്ക് - 42) ഒന്നാമതുള്ളത്. അറബ് ലോകത്ത് ജോർഡനും (ആഗോള റാങ്ക് - 54), ജി.സി.സി രാജ്യങ്ങളിൽ ഖത്തറും (ആഗോള റാങ്ക് - 71) മൂന്നാം സ്ഥാനത്തെത്തി.

'ഒമാൻ വിഷൻ 2040'-ന്റെ ഭാഗമായി രാജ്യം നടപ്പാക്കുന്ന പരിസ്ഥിതി സൗഹൃദ സാമ്പത്തിക നയങ്ങളുടെ വൻ വിജയമാണ് ഈ നേട്ടം വ്യക്തമാക്കുന്നത്. 2030-ഓടെ ആദ്യ 40 രാജ്യങ്ങളുടെ പട്ടികയിലും, 2040-ഓടെ ആദ്യ 20 രാജ്യങ്ങളുടെ പട്ടികയിലും ഇടംപിടിക്കുകയാണ് ഒമാൻ ലക്ഷ്യമിടുന്നത്.

സൂചികയിലെ പ്രധാന ഉപ ഘടകങ്ങളിൽ മികച്ച പ്രകടനമാണ് ഒമാൻ കാഴ്ചവെച്ചത്:

  • സുസ്ഥിര ഖരമാലിന്യ സംസ്കരണം, അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം, കടൽ വിഭവങ്ങളുടെ സംരക്ഷണം, ഹൗസ്ഹോൾഡ് ക്ലീൻ ഫ്യുവൽ ഉപയോഗം, വന്യജീവികളുടെ സ്വാഭാവിക വാസസ്ഥല സംരക്ഷണം എന്നിവയിൽ ഒമാൻ ആഗോളതലത്തിൽ ഒന്നാം സ്ഥാനം നേടി.

  • സമുദ്ര പരിസ്ഥിതി സംരക്ഷണത്തിൽ ആഗോളതലത്തിൽ ഒമ്പതാം സ്ഥാനത്താണ് ഒമാൻ.

അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി 2025-ൽ 70 അത്യാധുനിക നിരീക്ഷണ സ്റ്റേഷനുകൾ ഒമാനിൽ സ്ഥാപിച്ചിരുന്നു. വായു മലിനീകരണ കണക്കെടുപ്പിൽ പ്രകൃതിദത്തമായ പൊടിപടലങ്ങളെയും വ്യാവസായിക കാർബൺ മലിനീകരണത്തെയും വേർതിരിച്ചു കാണിക്കുന്ന പുതിയ സാങ്കേതികവിദ്യ ഒമാൻ വിജയകരമായി നടപ്പാക്കുകയും ചെയ്തു.

പ്രതിദിനം 3,000 ടൺ നഗരമാലിന്യങ്ങൾ സംസ്കരിച്ച് 75 മുതൽ 100 മെഗാവാട്ട് വരെ വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള 'വേസ്റ്റ്-ടു-എനർജി' (Waste-to-Energy) പ്രോജക്റ്റും ഒമാൻ ആരംഭിച്ചിട്ടുണ്ട്. ഇത് 2030-ഓടെ പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം വൻതോതിൽ കുറയ്ക്കും. കൂടാതെ, ഖരമാലിന്യ പുനരുപയോഗ നിരക്ക് 11 ശതമാനത്തിൽ നിന്നും 40 ശതമാനത്തിന് മുകളിലേക്ക് ഉയർത്താനും ഒമാന് സാധിച്ചു.

വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെയും പക്ഷികളെയും സംരക്ഷിക്കുന്നതിനായി ഒമാൻ പ്രത്യേക പദ്ധതികൾ നടപ്പാക്കുന്നുണ്ട്. റെഡ് കാറ്റഗറിയിലുണ്ടായിരുന്ന പല ജീവികളെയും ഇതിലൂടെ സുരക്ഷിത വിഭാഗത്തിലേക്ക് മാറ്റാൻ കഴിഞ്ഞു. ഒപ്പം 2050-ഓടെ രാജ്യം പൂർണമായും കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള ദൗത്യത്തിലാണ്. പരിസ്ഥിതി അതോറിറ്റിയും വിവിധ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളും സംയുക്തമായി നടത്തിയ പ്രവർത്തനങ്ങളാണ് ഒമാനെ ഈ ആഗോള അംഗീകാരത്തിന് അർഹമാക്കിയത്.