തൊഴിൽ നിയമലംഘനങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് ഒമാൻ; മൂന്ന് ഘട്ടങ്ങളിലായി പരിശോധന ശക്തമാക്കും
രാജ്യത്ത് തൊഴിൽ നിയമം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി സ്ഥാപനങ്ങളിലെ പരിശോധനയും നിരീക്ഷണവും കൂടുതൽ ശക്തമാക്കി ഒമാൻ തൊഴിൽ മന്ത്രാലയം. വിദേശ തൊഴിലാളികളെ ഉൾപ്പെടുത്തിയുള്ള അനധികൃത തൊഴിൽ രീതികൾ പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെ മൂന്ന് ഘട്ടങ്ങളിലായാണ് രാജ്യവ്യാപകമായി പരിശോധനയും തുടർനടപടികളും നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും രേഖകളും മന്ത്രാലയത്തിന്റെ പ്രത്യേക സംഘങ്ങൾ നേരിട്ട് നിരീക്ഷിക്കും.
രണ്ടാം ഘട്ടത്തിൽ സ്ഥാപനങ്ങളിലും വിപണികളിലും മിന്നൽ പരിശോധനകൾ നടത്തുമ്പോൾ, മൂന്നാം ഘട്ടത്തിൽ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. നിയമലംഘനം നടത്തുന്ന തൊഴിലാളികളെ നാടുകടത്തുന്നതിനൊപ്പം സ്ഥാപനങ്ങൾക്കെതിരെ ഭാരീ പിഴ അടക്കമുള്ള ഭരണപരമായ ശിക്ഷാനടപടികൾ ഏർപ്പെടുത്താനുമാണ് മന്ത്രാലയത്തിന്റെ തീരുമാനം.