ഒമാനിൽ ഊർജ, ഖനന മേഖലകളിൽ ഇന്ന് മുതൽ പ്രൊഫഷണൽ ലൈസൻസ് നിർബന്ധം; ഇല്ലെങ്കിൽ വിസ പുതുക്കില്ല

 

ഒമാനിൽ ഊർജ, ഖനന മേഖലകളിൽ (Energy and Mining Sectors) ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പ്രൊഫഷണൽ പ്രാക്ടീസ് ലൈസൻസ് നിർബന്ധമാക്കിയ നടപടി ഇന്ന് (ജൂൺ 1, തിങ്കളാഴ്ച) മുതൽ പ്രാബല്യത്തിൽ വരും. ലൈസൻസ് സ്വന്തമാക്കാൻ തൊഴിൽ മന്ത്രാലയം അനുവദിച്ചിരുന്ന ഇളവ് കാലാവധി (Grace Period) അവസാനിച്ച സാഹചര്യത്തിലാണ് നടപടി കർശനമാക്കുന്നത്.

ഇതുപ്രകാരം സാധുവായ പ്രൊഫഷണൽ ലൈസൻസ് ഇല്ലാത്ത വിദേശി തൊഴിലാളികൾക്ക് രാജ്യത്ത് പുതിയ വർക്ക് പെർമിറ്റ് അനുവദിക്കുകയോ, നിലവിലുള്ള വിസ പുതുക്കി നൽകുകയോ ഇല്ലെന്ന് തൊഴിൽ മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്.

44 തസ്തികകൾക്ക് ബാധകം; ഒപാൽ വഴി ലൈസൻസ് എടുക്കണം

ഒമാൻ എനർജി സൊസൈറ്റിയുടെ (OPAL) കീഴിലുള്ള സെക്ടർ സ്കിൽസ് യൂണിറ്റ് വഴിയാണ് തൊഴിലാളികൾ ഈ പ്രൊഫഷണൽ ലൈസൻസ് സ്വന്തമാക്കേണ്ടത്. ക്രെയ്ൻ ഓപ്പറേറ്റർമാർ, വെൽഡർമാർ, വിവിധ സാങ്കേതിക വിദഗ്ധർ (Technicians) ഉൾപ്പെടെ ഈ മേഖലയിലെ നാൽപ്പത്തിനാലോളം തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് പുതിയ നിയമം ബാധകമാണ്.

കമ്പനികളുടെ സുഗമമായ പ്രവർത്തനത്തിനും നിയമപരമായ തടസ്സങ്ങൾ ഒഴിവാക്കുന്നതിനും തങ്ങളുടെ ജീവനക്കാർ എത്രയും വേഗം പ്രൊഫഷണൽ ലൈസൻസ് നടപടികൾ പൂർത്തിയാക്കുന്നുണ്ടെന്ന് തൊഴിലുടമകൾ ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം കർശന നിർദ്ദേശം നൽകി.

നേരത്തെ രാജ്യത്തെ ലോജിസ്റ്റിക്സ് മേഖലയിലുള്ള ഫുഡ് ഡെലിവറി പങ്കാളികൾ, ട്രക്ക് ഡ്രൈവർമാർ തുടങ്ങിയവർക്ക് കഴിഞ്ഞ സെപ്റ്റംബർ ഒന്ന് മുതൽ പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഊർജ, ഖനന മേഖലകളിലേക്കും നിയമം വ്യാപിപ്പിച്ചിരിക്കുന്നത്.