ഒമാനിൽ പ്ലാസ്റ്റിക് കാരി ബാഗ് നിരോധനം കർശനമാക്കും
ഒമാനിൽ പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം കർശനമായി നടപ്പാക്കുമെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. നിയമം ലംഘിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും 1,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി.പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നവർക്ക് കുറഞ്ഞത് 50 റിയാൽ മുതൽ പരമാവധി 1,000 റിയാൽ വരെ പിഴ ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുമെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.
പ്ലാസ്റ്റിക് മാലിന്യം കുറക്കാനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് പരിസ്ഥിതി അതോറിറിയുടെ നടപടി. പരിസ്ഥിതി നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം അതോറിറ്റി പൊതുജനങ്ങളെയും വാണിജ്യ സ്ഥാപനങ്ങളെയും ഓർമിപ്പിച്ചു. പൊതുജനങ്ങളും വ്യാപാര സ്ഥാപനങ്ങളും പരിസ്ഥിതി സൗഹൃദ ബദൽ മാർഗങ്ങളിലേക്ക് മാറണമെന്ന് അധികൃതർ നിർദ്ദേശിച്ചു.