വന്യമൃഗങ്ങളുടെ ദൃശ്യം പകർത്തുന്ന കണ്ടന്റ് ക്രിയേറ്റർമാർക്ക് മുന്നറിയിപ്പുമായി ഒമാൻ

 

ഒമാനിലെ ദോഫാർ പ്രവിശ്യയിൽ വന്യമൃഗങ്ങളുടെ വാസസ്ഥലങ്ങളിൽ അതിക്രമിച്ചു കയറി അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തുന്നതിനും അവയെ പിന്തുടരുന്നതിനുമെതിരെ കർശന മുന്നറിയിപ്പുമായി പരിസ്ഥിതി അതോറിറ്റി. ഇത്തരം പ്രവൃത്തികൾ വന്യജീവികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. ഇത് ഒമാന്റെ പരിസ്ഥിതി നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

ഔദ്യോഗിക അനുമതിപത്രം വാങ്ങാതെ, സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാർ ദോഫാർ ഗവർണറേറ്റിലെ പ്രകൃതിദത്ത സാഹചര്യങ്ങളിൽ വന്യമൃഗങ്ങളെ പിന്തുടരുകയും അവയുടെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. വന്യമൃഗങ്ങളെ പിന്തുടരുന്നതും അവയുടെ അടുത്തേക്ക് പോകുന്നതും മൃഗങ്ങളിൽ കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കുമെന്നും അവരുടെ സ്വാഭാവിക പെരുമാറ്റ രീതികളെ മാറ്റുമെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി. ഇത് മൃഗങ്ങൾക്കും മനുഷ്യർക്കും ഒരുപോലെ അപകടങ്ങൾ വരുത്തിവെക്കാൻ കാരണമാകും.

വന്യജീവികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം പ്രവൃത്തികൾ തികച്ചും ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റമാണെന്ന് അതോറിറ്റി വിശേഷിപ്പിച്ചു. വന്യജീവികളെ ശല്യം ചെയ്യുന്ന തരത്തിലുള്ള ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും പരിസ്ഥിതി നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ഒമാൻ അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.