യു.എൻ സംഘടനയുടെ സവിശേഷ പദവി സ്വന്തമാക്കി ഒമാനി കുന്തിരിക്കം; ഇനി ലോക വിപണിയിലെ ആഗോള ബ്രാൻഡ്
ഒമാന്റെ സാംസ്‌കാരിക പൈതൃകമായ കുന്തിരിക്കത്തിന് അന്താരാഷ്ട്ര തലത്തിൽ വൻ അംഗീകാരം. ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷന്റെ ഭൗമസൂചിക പദവിയാണ് ഒമാനി കുന്തിരിക്കം സ്വന്തമാക്കിയത്. ഇതോടെ, ഗുണനിലവാരത്തിലും ഉത്ഭവത്തിലും സവിശേഷമായ ലോകോത്തര ഉൽപ്പന്നമെന്ന ഔദ്യോഗിക അംഗീകാരം ഒമാനി കുന്തിരിക്കത്തിന് കൈവന്നു.
ഈ നേട്ടത്തോടെ അന്താരാഷ്ട്ര വ്യാപാര നിയമങ്ങൾ പ്രകാരം ഒമാനി കുന്തിരിക്കത്തിന് പ്രത്യേക സംരക്ഷണവും ആഗോള വിപണിയിൽ തനതായ ബ്രാൻഡ് മൂല്യവും ലഭിക്കും. ലോകമെമ്പാടും 'ഒമാനി ഫ്രാങ്കിൻസെൻസ്' എന്ന പേരിൽ വ്യാജ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നത് തടയാനും ഈ അംഗീകാരം സഹായിക്കും. ഒമാന്റെ പൈതൃകത്തിന്റെയും ദേശീയ വ്യക്തിത്വത്തിന്റെയും ഭാഗമായ കുന്തിരിക്കത്തിന് ലഭിച്ച ഈ പദവി രാജ്യത്തിന്റെ ടൂറിസം, കയറ്റുമതി മേഖലകൾക്ക് വലിയ ഉണർവ് നൽകുന്നതാണ്.
പുരാതന കാലം മുതൽക്കേ സുഗന്ധദ്രവ്യ വിപണിയിൽ പേരെടുത്ത ഒമാനി കുന്തിരിക്കം, പ്രധാനമായും സലാല ഉൾപ്പെടുന്ന ദോഫാർ മേഖലയിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ആഗോളതലത്തിൽ ലക്ഷ്വറി പെർഫ്യൂം നിർമ്മാണത്തിനും ഔഷധ ആവശ്യങ്ങൾക്കും ഈ കുന്തിരിക്കം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. യു.എന്നിന്റെ ഈ പുതിയ അംഗീകാരം ഒമാന്റെ വാണിജ്യ വിപണിക്ക് പുതിയ വാതിലുകൾ തുറന്നിരിക്കുകയാണ്.