ഒമാനിൽ 'ബാക് ടു സ്കൂൾ' കാമ്പയിന് തുടക്കമായി; പരിശോധന കർശനമാക്കി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി
ഒമാനിൽ പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CPA) സംഘടിപ്പിക്കുന്ന 'ബാക് ടു സ്കൂൾ' ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 6 വരെ നീണ്ടുനിൽക്കുന്ന പ്രചാരണത്തിന്റെ ഭാഗമായി രാജ്യത്തെ മുഴുവൻ ഗവർണറേറ്റുകളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. സ്കൂൾ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങളിലും പ്രധാന വാണിജ്യ കേന്ദ്രങ്ങളിലുമാണ് പ്രധാനമായും ഇൻസ്‌പെക്ഷൻ ടീമുകൾ പരിശോധന നടത്തുന്നത്.
'എല്ലാവർക്കും സുരക്ഷിതവും സുസ്ഥിരവുമായ ഉപഭോക്തൃ അന്തരീക്ഷം' എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ കാമ്പയിൻ. സ്കൂൾ സീസണിൽ ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരണം നൽകുന്നതിനൊപ്പം ഉത്തരവാദിത്തമുള്ള ഷോപ്പിംഗ് രീതികൾ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
വിലക്കയറ്റം, നിയമലംഘനങ്ങൾ, വ്യാജ ഉൽപ്പന്നങ്ങളുടെ വിൽപ്പന എന്നിവ തടയാനും വ്യാപാരികൾ ഉപഭോക്തൃ നിയമങ്ങൾ പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അതോറിറ്റിയുടെ പ്രത്യേക നിരീക്ഷണ സംഘം വിപണിയിൽ സജീവമായി രംഗത്തുണ്ട്.