ഒമാനിൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ; നിയമലംഘകർക്ക് കനത്ത പിഴ
ഒമാനിൽ കടുത്ത വേനൽ ചൂട് കണക്കിലെടുത്ത് തൊഴിലാളികൾക്കായി ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വന്നു. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഉച്ചയ്ക്ക് 12:30 മുതൽ വൈകുന്നേരം 3:30 വരെ സൂര്യപ്രകാശമേൽക്കുന്ന തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് ഒമാൻ തൊഴിൽ മന്ത്രാലയം നിരോധിച്ചു. ഈ നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ 500 മുതൽ 1,000 ഒമാനി റിയാൽ വരെ പിഴ ചുമത്തുമെന്നും മറ്റ് ഭരണപരമായ നടപടികൾ സ്വീകരിക്കുമെന്നും ഒക്യുപേഷണൽ സേഫ്റ്റി ഡിപ്പാർട്ട്മെന്റ് മേധാവി ദാവൂദ് ബിൻ സുലൈമാൻ അൽ ഗാഫ്രി മുന്നറിയിപ്പ് നൽകി.
വേനൽക്കാലത്ത് തൊഴിലിടങ്ങളിലെ ചൂട് മൂലമുള്ള അപകടസാധ്യതകൾ കുറയ്ക്കുന്നതിനായി രാജ്യവ്യാപകമായി കനത്ത പരിശോധനകൾ മന്ത്രാലയം നടത്തും. നിർമാണ സൈറ്റുകളിലും മറ്റ് തുറസ്സായ തൊഴിലിടങ്ങളിലും ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധനകൾ നടത്താനാണ് തീരുമാനം. ജോലി സമയം പുനഃക്രമീകരിക്കുന്നതിലോ തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ നൽകുന്നതിലോ വീഴ്ച വരുത്തുന്നത് നിയമലംഘനമായി കണക്കാക്കും.
അതേസമയം വിമാനത്താവളം, തുറമുഖം, അടിയന്തര സേവനങ്ങൾ തുടങ്ങിയ അവശ്യ മേഖലകളെ ഈ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഈ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾ മുൻകൂട്ടി അനുമതി വാങ്ങുകയും തണലുള്ള വിശ്രമ സ്ഥലങ്ങൾ, ശീതീകരിച്ച സൗകര്യങ്ങൾ, തണുത്ത കുടിവെള്ളം തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കുകയും വേണം.