ഒമാനിൽ പുതിയ സൈബർ നിയമം പ്രാബല്യത്തിൽ; വ്യവസ്ഥകൾ കർശനം

 

ഡിജിറ്റൽ സുരക്ഷ ശക്തമാക്കുന്നതിന്റേയും സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന്റേയും ഭാഗമായി ഒമാനിൽ പുതിയ സൈബർ നിയമം പ്രാബല്യത്തിൽ വന്നു. വ്യക്തികളുടെ സ്വകാര്യത ഉറപ്പാക്കുക, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾക്ക് സംരക്ഷണം നൽകുക എന്നിവ ലക്ഷ്യമിട്ടാണ് വിവരസാങ്കേതിക മന്ത്രാലയം കടുത്ത വ്യവസ്ഥകളോടെ നിയമം പരിഷ്കരിച്ചത്.

ഓൺലൈൻ വഴിയുള്ള ഭീഷണിപ്പെടുത്തൽ, ബ്ലാക്ക് മെയിലിങ്, തട്ടിപ്പുകൾ, അധിക്ഷേപങ്ങൾ എന്നിവ പുതിയ നിയമപ്രകാരം കടുത്ത കുറ്റകൃത്യങ്ങളാണ്. ഔദ്യോഗിക വെബ്‌സൈറ്റുകൾ, വിവര സംവിധാനങ്ങൾ എന്നിവയ്ക്ക് നേരെയുള്ള ആക്രമണങ്ങൾ, അനുവാദമില്ലാതെ പാസ്‌വേഡുകളോ ആക്‌സസ് കോഡുകളോ കൈക്കലാക്കൽ എന്നിവയും കർശനമായി തടയും. വ്യാജ ഇലക്ട്രോണിക് പേയ്‌മെന്റ് രീതികൾ ഉപയോഗിക്കുന്നതും സാമ്പത്തിക നേട്ടത്തിനായി പേയ്‌മെന്റ് വിവരങ്ങൾ ചോർത്തുന്നതും ശിക്ഷാർഹമാണ്.

പൊതുസമൂഹത്തിൽ ഭീതിയുണ്ടാക്കുന്ന വ്യാജവാർത്തകൾ, ഭീകരവാദ ആശയങ്ങൾ, വംശീയ വിവേചനം, വിദ്വേഷ പ്രസംഗങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നവർക്കെതിരെയും കടുത്ത നടപടിയുണ്ടാകും. ഓൺലൈൻ വഴി മറ്റൊരാളായോ സ്ഥാപനമായോ വ്യാജരേഖ ചമച്ച് അഭിനയിക്കുന്നതും നിയമവിരുദ്ധമാണ്. കൂടാതെ, നിയമനടപടികളുടെ ഭാഗമായി അന്വേഷണ ഏജൻസികൾ ആവശ്യപ്പെടുന്ന രഹസ്യ കോഡുകളോ ആക്‌സസ് വിവരങ്ങളോ നൽകാതിരിക്കുന്നതും കുറ്റകരമാണെന്ന് പുതിയ നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. സൈബർ കുറ്റകൃത്യങ്ങൾക്കായി രൂപീകരിക്കുന്ന ക്രിമിനൽ സംഘങ്ങളെയും അവരെ സഹായിക്കുന്നവരെയും നിയമം ശക്തമായി നേരിടും.