ടെഹ്റാനിൽ ഖമനേയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഒമാൻ ഔദ്യോഗിക സംഘം
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകളിൽ ഒമാൻ ഔദ്യോഗിക നയതന്ത്ര പ്രതിനിധി സംഘം പങ്കെടുത്തു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഒമാൻ സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെത്തിയത്.
ടെഹ്റാനിലെ ഗ്രാൻഡ് മോസ്കിൽ നടന്ന ഔദ്യോഗിക സംസ്കാര ചടങ്ങുകളിലും പ്രാർത്ഥനകളിലും ഒമാൻ പ്രതിനിധികൾ പങ്കാളികളായി. സന്ദർശന വേളയിൽ, ഇറാൻ പരമോന്നത നേതാവിന്റെ വിയോഗത്തിൽ സുൽത്താൻ ഹൈതം ബിൻ താരീകിന്റെയും ഒമാനി ജനതയുടെയും അഗാധമായ അനുശോചനം സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് ഇറാൻ ഭരണകൂടത്തെയും രാജ്യത്തെ ഉന്നത നേതാക്കളെയും നേരിട്ടറിയിച്ചു.
ആയത്തുള്ള അലി ഖമനേയിയുടെ ജന്മനാടായ മഷാദിലെ ഇമാം റെസ ദേവാലയത്തിലാണ് സംസ്‌കാര ചടങ്ങുകൾ സമാപിക്കുക. ഇന്ന് ആരംഭിക്കുന്ന വിടവാങ്ങൽ ചടങ്ങുകൾ ജൂലൈ ആറിനാണ് പൂർത്തിയാകുക. ആറു ദിവസം നീണ്ടുനിൽക്കുന്ന ബൃഹത്തായ സംസ്‌കാര ചടങ്ങുകളിൽ നൂറോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ലക്ഷക്കണക്കിന് ജനങ്ങളും പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, അലി ഖമനേയിയുടെ മകനും അടുത്ത പരമോന്നത നേതാവാകാൻ സാധ്യതയുള്ള വ്യക്തിയുമായ മുജ്തബ ഖമനേയി സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ചടങ്ങുകളിൽ നിന്ന് വിട്ടുനിന്നേക്കുമെന്നും സൂചനയുണ്ട്.