ഒമാനിൽ റസിഡൻസി നിയമഭേദഗതി; വിദേശ നിക്ഷേപകർക്കും സ്വത്തുടമകൾക്കും സ്പോൺസറില്ലാതെ വിസ ലഭിക്കും

 

വിദേശ നിക്ഷേപകർക്കും സ്വത്തുടമകൾക്കും വലിയ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് ഒമാനിൽ പുതിയ റെസിഡൻസി നിയമ ഭേദഗതി പുറപ്പെടുവിച്ചു. പുതിയ നിയമപ്രകാരം യോഗ്യരായ വിദേശ പൗരന്മാർക്ക് ഒമാനി സ്പോൺസറുടെയോ (Local Sponsor) കമ്പനിയുടെയോ സഹായമില്ലാതെ തന്നെ റെസിഡൻസി പെർമിറ്റുകളും വിസയും സ്വന്തമാക്കാനാകും. റോയൽ ഒമാൻ പൊലീസ് ഇൻസ്‌പെക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ ഹസൻ ബിൻ മൊഹ്‌സിൻ അൽ ഷുറൈഖി പുറത്തിറക്കിയ ഉത്തരവനുസരിച്ചാണ് വിദേശി താമസ നിയമത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷനിൽ ഈ ചരിത്രപരമായ പരിഷ്‌കാരം നടപ്പിലാക്കുന്നത്. ഒമാനിൽ കൂടുതൽ ബിസിനസ് സൗഹൃദ അന്തരീക്ഷമൊരുക്കുക, വിദേശ നിക്ഷേപം ആകർഷിക്കുക, റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണർവേകുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പുതിയ ചട്ടങ്ങൾ പ്രകാരം നിർമ്മാണത്തിനായി അനുവദിച്ച ഭൂമിയോ, രജിസ്‌ട്രേഷൻ നടപടികൾ പുരോഗമിക്കുന്ന റിയൽ എസ്റ്റേറ്റ് യൂണിറ്റുകളോ വാങ്ങുന്ന വിദേശികൾക്ക് ബന്ധപ്പെട്ട അധികാര സ്ഥാപനത്തിന്റെ സർട്ടിഫിക്കേഷൻ അടിസ്ഥാനമാക്കി സ്‌പോൺസറില്ലാതെ വിസയ്ക്കും റെസിഡൻസിക്കും അപേക്ഷിക്കാം. സ്വത്ത് ഉടമകളുടെ ജീവിതപങ്കാളികൾക്കും ഒന്നാം നിര ബന്ധുക്കൾക്കും (First-degree relatives), ഒമാനിൽ ഭൂമിയോ റിയൽ എസ്റ്റേറ്റ് യൂണിറ്റുകളോ കൈവശമുള്ള കമ്പനികളുടെ നിയമപരമായ പ്രതിനിധികൾക്കും ഈ ആനുകൂല്യം ലഭ്യമാകും.

രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകാത്ത പ്രോപ്പർട്ടികളുമായി ബന്ധപ്പെട്ട് അനുവദിക്കുന്ന ഇത്തരം വിസകൾ ആറുമാസം മുതൽ ഒരു വർഷം വരെ കാലാവധിയുള്ളതായിരിക്കും. ഇത് പിന്നീട് സമാന കാലാവധിയിലേക്ക് പുതുക്കാനും സാധിക്കും. ഈ വിസയുള്ളവർക്ക് ഓരോ സന്ദർശനത്തിലും പരമാവധി മൂന്ന് മാസം വരെ ഒമാനിൽ തങ്ങാം. അതേസമയം, ഉടമസ്ഥതയിലുള്ള സ്വത്ത് വിൽക്കുകയോ മറ്റ് നിയമപരമായ ഇടപാടുകളിലൂടെ കൈമാറ്റം ചെയ്യുകയോ ചെയ്താൽ വിദേശ ഉടമയുടെയും കുടുംബാംഗങ്ങളുടെയും റെസിഡൻസി അനുമതി സ്വമേധയാ റദ്ദാകുമെന്നും പുതിയ നിയമ ഭേദഗതിയിൽ വ്യക്തമാക്കുന്നുണ്ട്.