ബിസിനസ് വരുമാനം മറച്ചുവെക്കുന്നത് നികുതി വെട്ടിപ്പാണെന്ന് ഒമാൻ ടാക്‌സ് അതോറിറ്റി

 

വാണിജ്യ പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്ന വരുമാനം പണമായോ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകൾ വഴിയോ സ്വീകരിച്ച് മറച്ചുവെക്കുന്നത് ഗുരുതരമായ നികുതി വെട്ടിപ്പാണെന്ന് ഒമാൻ ടാക്‌സ് അതോറിറ്റി മുന്നറിയിപ്പ് നൽകി. ഇത്തരം രീതികൾ കള്ളപ്പണം വെളുപ്പിക്കലിനുള്ള സാധ്യത വർധിപ്പിക്കുമെന്നും ബിസിനസുകൾ ജാഗ്രത പാലിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.

ബിസിനസ് വരുമാനം മറച്ചുവെക്കാൻ വ്യക്തിഗത അക്കൗണ്ടുകളും അനധികൃത പണമിടപാടുകളും ഉപയോഗിക്കുന്നതിനെതിരെയാണ് മുന്നറിയിപ്പ്. ഇത്തരം തെറ്റായ രീതികൾ പിന്തുടരുന്നവർ നികുതി വെട്ടിപ്പ് കുറ്റത്തിന് കടുത്ത നിയമനടപടികൾ നേരിടേണ്ടി വരും.

നികുതി നിയമങ്ങളും ചട്ടങ്ങളും പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ സ്ഥാപനങ്ങളും വരുമാനം കൃത്യമായി വെളിപ്പെടുത്തുകയും ആവശ്യമായ സാമ്പത്തിക രേഖകൾ സൂക്ഷിക്കുകയും വേണം. കൂടാതെ, നികുതി വെട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക റിപ്പോർട്ടിങ് ചാനലുകൾ വഴി വിവരം അറിയിക്കണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.