സാമ്പത്തിക സഹകരണം ശക്തമാക്കും: ഒമാൻ-സൗദി ഏകോപന സമിതി യോഗം ബുധനാഴ്ച സലാലയിൽ
ഒമാൻ-സൗദി കോർഡിനേഷൻ കൗൺസിലിന് കീഴിലുള്ള സാമ്പത്തിക, വാണിജ്യ, വ്യവസായ സമിതിയുടെ ഏഴാമത് യോഗത്തിന് സലാല വേദിയാകുന്നു. സലാലയിലെ ദോഫാറിൽ ബുധനാഴ്ച നടക്കുന്ന യോഗത്തിൽ ഇരുരാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും പ്രതിനിധികളും പങ്കെടുക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സംയോജനവും തന്ത്രപ്രധാനമായ പങ്കാളിത്തവും കൂടുതൽ ശക്തിപ്പെടുത്തുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം.
വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി എഞ്ചിനീയർ ഗാലിബ് ബിൻ സഈദ് അൽ മഅ്മരി ഒമാൻ സംഘത്തെയും, സൗദി സാമ്പത്തിക ആസൂത്രണ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സാമ്പത്തിക കാര്യ അണ്ടർസെക്രട്ടറി റാകാൻ ബിൻ വദ്ദാഹ് തറാബ്സൂനി സൗദി സംഘത്തെയും നയിക്കും. സംയുക്ത സംരംഭങ്ങളുടെ പുരോഗതി വിലയിരുത്തൽ, നിർദ്ദിഷ്ട പദ്ധതികളുടെ അവലോകനം, വ്യാപാര തടസ്സങ്ങൾ ലഘൂകരിക്കൽ എന്നിവ യോഗത്തിൽ പ്രധാന ചർച്ചയാകും.
സപ്ലൈ ചെയിൻ ഏകോപനം ശക്തമാക്കുക, ഫ്യൂച്ചർ ഫാക്ടറി പദ്ധതികൾ പ്രോത്സാഹിപ്പിക്കുക, എണ്ണയിതര കയറ്റുമതി വർധിപ്പിക്കുക, സർക്കാർ സംഭരണത്തിൽ ഇരുരാജ്യങ്ങളിലെയും കമ്പനികൾക്ക് തുല്യ പരിഗണന ഉറപ്പാക്കുക എന്നിവയാണ് മറ്റ് പ്രധാന അജണ്ടകൾ. കൂടാതെ, 2026 മുതൽ 2028 വരെയുള്ള കാലയളവിലേക്ക് ഇരുരാജ്യങ്ങളുടെയും സാമ്പത്തിക മന്ത്രാലയങ്ങൾ തമ്മിലുള്ള ധാരണാപത്രത്തിന് അംഗീകാരം നൽകുന്ന എക്സിക്യൂട്ടീവ് പ്രോഗ്രാമിലും യോഗത്തിൽ ഒപ്പുവെക്കും.