പാർക്കിങ്ങിൽ കിടന്ന് കിട്ടിയ ഒരു ലക്ഷം ദിർഹം ദുബായ് പൊലീസിന് കൈമാറി; ഇന്ത്യൻ പ്രവാസിക്ക് ആദരം

 

പാർക്കിങ് ഏരിയയിൽ നിന്ന് വീണുകിട്ടിയ ഒരു ലക്ഷം ദിർഹം (ഏകദേശം 22 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ഒട്ടും മടിക്കാതെ പൊലീസിൽ ഏൽപ്പിച്ച് മാതൃകയായ ഇന്ത്യൻ പ്രവാസിക്ക് ദുബായ് പൊലീസിന്റെ ആദരം. മുഹമ്മദ് അലി ഷെറാക്കൽ മോഹി എന്ന പ്രവാസിയുടെ ആത്മാർത്ഥതയ്ക്കാണ് അൽ റഫ പൊലീസ് സ്റ്റേഷൻ അധികൃതർ ഉപഹാരം നൽകി ആദരമർപ്പിച്ചത്. പ്രവാസി കൈമാറിയ പണം അതിന്റെ ഉടമസ്ഥന് പൊലീസ് സുരക്ഷിതമായി കൈമാറി.

ദുബായിലെ ഒരു പാർക്കിങ് ലോറ്റിൽ എത്തിയപ്പോഴാണ് വലിയൊരു തുക നിലത്തു കിടക്കുന്നത് മുഹമ്മദ് അലിയുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ അദ്ദേഹം പണത്തിന്റെ ബണ്ടിലിന്റെയും അത് കിടന്നിരുന്ന സ്ഥലത്തിന്റെയും ചിത്രം ഫോണിൽ പകർത്തിയ ശേഷം നേരെ അൽ റഫ പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചു. പണം ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയും അത് കണ്ടെത്തിയ കൃത്യമായ സ്ഥലം കാട്ടിക്കൊടുക്കുകയും ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിലാണ് പണത്തിന്റെ ഉടമയെ കണ്ടെത്തിയത്.

ഷിപ്പിങ് മേഖലയിൽ ഒരു സ്വകാര്യ കമ്പനി നടത്തുന്ന വ്യക്തിയുടേതായിരുന്നു ഈ പണം. ബാങ്കിൽ നിന്ന് രണ്ട് ലക്ഷം ദിർഹം പിൻവലിച്ച് പേപ്പർ കവറിലിട്ട് കാറിലേക്ക് ധൃതിയിൽ പോകുന്നതിനിടെ കവർ കൃത്യമായി അടയ്ക്കാത്തതിനാൽ ഒരു ലക്ഷം ദിർഹത്തിന്റെ കെട്ട് താഴെ വീണുപോവുകയായിരുന്നു. പണം നഷ്ടപ്പെട്ട കാര്യം ഉടമ അറിഞ്ഞിരുന്നതേയില്ല. പണം ലഭിച്ച് വെറും മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ ദുബായ് പൊലീസ് ഉടമയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തുക സുരക്ഷിതമായി തിരികെ ലഭിച്ചതിൽ അദ്ദേഹം ദുബായ് പൊലീസിനും പണം ഏൽപ്പിച്ച ഇന്ത്യൻ യുവാവിനും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

യുവാവിന്റെ സത്യസന്ധത യുഎഇ സമൂഹത്തിന്റെ സുരക്ഷിതത്വത്തിന്റെയും സത്സ്വഭാവത്തിന്റെയും മികച്ച ഉദാഹരണമാണെന്ന് അൽ റഫ പൊലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ അഹമ്മദ് ഉബൈദ് ബിൻ ഹുദൈബ പറഞ്ഞു. സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കേണൽ സ്വാലിഹ് ഹസ്സൻ അൽ മർസൂഖി, ക്യാപ്റ്റൻ അലി ഹാജി അൽ ബലൂഷി എന്നിവർ ചേർന്നാണ് മുഹമ്മദ് അലിയെ ആദരിച്ചത്.