യുദ്ധക്കപ്പലിൽ നിന്ന് 'വൺ വേ അറ്റാക്ക് ഡ്രോൺ' വിക്ഷേപിച്ചു; പ്രതിരോധ രംഗത്ത് ചരിത്രനേട്ടവുമായി യുഎസ് സേന
ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യു.എസ് അഞ്ചാം കപ്പൽപ്പട പ്രതിരോധ രംഗത്ത് നിർണ്ണായകമായ ഒരു നാഴികക്കല്ല് പിന്നിട്ടു. ചരിത്രത്തിലാദ്യമായി ഒരു യുദ്ധക്കപ്പലിൽ നിന്ന് 'വൺ വേ അറ്റാക്ക് ഡ്രോൺ' വിജയകരമായി വിക്ഷേപിച്ചു. അഞ്ചാം കപ്പൽപ്പടയുടെ ഭാഗമായ യു.എസ്.എസ് സാന്താ ബാർബറയിൽ നിന്നാണ് 'ലൂക്കാസ്' എന്ന് പേരിട്ടിരിക്കുന്ന ഈ ഡ്രോൺ വിക്ഷേപിച്ചത്.
കുറഞ്ഞ ചിലവിൽ നിർമ്മിക്കാവുന്നതും എന്നാൽ അതിശക്തമായ ആക്രമണം നടത്താൻ ശേഷിയുള്ളതുമാണ് ലൂക്കാസ് ഡ്രോണുകൾ. കരയിൽ നിന്നും വാഹനങ്ങളിൽ നിന്നും നേരത്തെ ഇവ വിക്ഷേപിച്ചിരുന്നെങ്കിലും, സമുദ്രോപരിതലത്തിലെ യുദ്ധക്കപ്പലുകളിൽ നിന്നും ഇവ വിജയകരമായി വിക്ഷേപിക്കാമെന്ന് ഇപ്പോൾ തെളിയിച്ചിരിക്കുകയാണ്. സമുദ്ര സുരക്ഷ ഉറപ്പാക്കുക, ശത്രുക്കളുടെ നീക്കങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുക, ആധുനിക സാങ്കേതികവിദ്യയുടെ ചിലവ് കുറയ്ക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് സമുദ്രപാതകൾ ഉൾപ്പെടെ ഏതാണ്ട് 2.5 ദശലക്ഷം ചതുരശ്ര മൈൽ ജലപ്പരപ്പാണ് യുഎസ് അഞ്ചാം കപ്പൽപ്പടയുടെ അധികാര പരിധിയിൽ വരുന്നത്. മേഖലയിലെ 21 രാജ്യങ്ങളുമായുള്ള സമുദ്രബന്ധം നിലനിർത്തുന്നതിനും അന്താരാഷ്ട്ര വ്യാപാര പാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പുതിയ ഡ്രോൺ സാങ്കേതികവിദ്യ അമേരിക്കയ്ക്ക് കൂടുതൽ കരുത്ത് പകരും. വരും ദിവസങ്ങളിൽ ഇത്തരം ഡ്രോണുകളുടെ വിന്യാസം കൂടുതൽ വിപുലമാക്കാനാണ് യു.എസ് സേനയുടെ തീരുമാനം.