വ്യാജ ടിക്കറ്റുകൾ നൽകി ഓൺലൈൻ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ്

 

ഓൺലൈൻ തട്ടിപ്പുകാർ പുതിയ രീതികളുമായി രംഗത്തെത്തുന്ന പശ്ചാത്തലത്തിൽ ദുബായ് പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സംഗീത പരിപാടികൾ, കായിക മത്സരങ്ങൾ, യാത്രകൾ എന്നിവയ്ക്കുള്ള ടിക്കറ്റുകൾ വ്യാജമായി നിർമ്മിച്ച് വിറ്റഴിച്ചാണ് പുതിയ തട്ടിപ്പ് അരങ്ങേറുന്നത്. ടിക്കറ്റുകൾ വാങ്ങുമ്പോൾ ഔദ്യോഗികവും അംഗീകൃതവുമായ പ്ലാറ്റ്‌ഫോമുകൾ മാത്രം ഉപയോഗിക്കണമെന്ന് പോലീസ് ദുബായ് നിവാസികളോട് അഭ്യർത്ഥിച്ചു.

ദുബായ് പോലീസിന്റെ #BewareOfFraud ബോധവൽക്കരണ കാമ്പയിന്റെ ഭാഗമായാണ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ ആന്റി-ഫ്രോഡ് സെന്റർ ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പരിപാടികൾക്ക് ആവശ്യക്കാർ ഏറുന്നതും ടിക്കറ്റുകൾക്ക് ക്ഷാമം നേരിടുന്നതും തട്ടിപ്പുകാർ ചൂഷണം ചെയ്യുന്നു. വ്യാജ വെബ്‌സൈറ്റുകൾ നിർമ്മിച്ചും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും നിലവിലില്ലാത്ത ടിക്കറ്റുകൾ വാഗ്ദാനം ചെയ്താണ് ഇവർ ആളുകളെ ചതിയിൽപ്പെടുത്തുന്നത്. പ്രശസ്തമായ ബ്രാൻഡുകളുടെയും ഔദ്യോഗിക സ്ഥാപനങ്ങളുടെയും പേരും ലോഗോയും അനുകരിച്ചാണ് ഇത്തരം പ്ലാറ്റ്‌ഫോമുകൾ പ്രവർത്തിക്കുന്നത്.

സംശയാസ്‌പദമായ വെബ്‌സൈറ്റുകളോ തട്ടിപ്പ് ശ്രമങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പോലീസിന്റെ സ്മാർട്ട് ആപ്പ് വഴിയോ, 901 എന്ന നമ്പറിൽ വിളിച്ചോ റിപ്പോർട്ട് ചെയ്യാം. കൂടാതെ, സൈബർ കുറ്റകൃത്യങ്ങൾ അറിയിക്കാനുള്ള e-Crime പ്ലാറ്റ്‌ഫോം വഴിയും പരാതികൾ നൽകാവുന്നതാണെന്ന് പോലീസ് അറിയിച്ചു. പണം കൈമാറുന്നതിന് മുൻപ് വെബ്‌സൈറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തണമെന്നും പോലീസ് ഓർമ്മിപ്പിച്ചു.