ഗ്ലോബൽ വില്ലേജിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പ്; വ്യാജ വെബ്‌സൈറ്റുകൾക്കെതിരെ മുന്നറിയിപ്പുമായി ദുബായ് പോലീസ്
ഗ്ലോബൽ വില്ലേജിന്റെ പേരിലുള്ള വ്യാജ വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും വഴി ഓൺലൈൻ തട്ടിപ്പുകൾ നടക്കാൻ സാധ്യതയുണ്ടെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. കുറഞ്ഞ നിരക്കിൽ ടിക്കറ്റുകളും പാക്കേജുകളും വാഗ്ദാനം ചെയ്ത് പണം തട്ടാനും വ്യക്തിഗത-ബാങ്കിങ് വിവരങ്ങൾ ചോർത്താനും ശ്രമങ്ങൾ നടക്കുന്നതായി അധികൃതർ വ്യക്തമാക്കി.
ഇത്തരം വ്യാജ ഓഫറുകളിൽ വീഴരുതെന്നും ഔദ്യോഗിക ചാനലുകൾ വഴി മാത്രം ടിക്കറ്റുകൾ വാങ്ങണമെന്നും പോലീസ് അഭ്യർത്ഥിച്ചു. പുതിയ സീസണിലെ വിഐപി പാക്കുകൾ ഉടൻ പുറത്തിറങ്ങാനിരിക്കെയാണ് ഈ മുന്നറിയിപ്പ്. വിഐപി പാക്കുകളുടെ പ്രീ-സെയിൽ സെപ്റ്റംബർ 21 മുതൽ 25 വരെയും, ജനറൽ സെയിൽ സെപ്റ്റംബർ 26 മുതലും കൊക്കകോള അരീനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രമായിരിക്കും നടക്കുക.
ഔദ്യോഗിക വെബ്‌സൈറ്റുകളുടെ പേരും രൂപവും അനായാസം അനുകരിച്ച് നിർമിക്കുന്ന വ്യാജ ലിങ്കുകൾ വഴി വിവരങ്ങൾ പങ്കുവെക്കരുതെന്നും അവിശ്വസനീയമായ ഓഫറുകൾ കണ്ടാൽ ജാഗ്രത പാലിക്കണമെന്നും ദുബായ് പോലീസ് അറിയിച്ചു.