അജ്മാനിൽ സ്കൂളുകൾക്ക് ഓൺലൈൻ പഠനം നീട്ടി; എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകം

 

അജ്മാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാർച്ച് ആറുവരെ ഓൺലൈൻ പഠനം നീട്ടി നൽകാൻ അധികൃതർ തീരുമാനിച്ചു. എമിറേറ്റിലെ എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ തീരുമാനം ബാധകമാണ്. പശ്ചിമേഷ്യയിലെ നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മാർച്ച് രണ്ട് മുതൽ നാല് വരെ നേരത്തെ ഓൺലൈൻ പഠനം പ്രഖ്യാപിച്ചിരുന്നു. സാഹചര്യങ്ങൾ മെച്ചപ്പെടുന്നതിനനുസരിച്ച് ക്ലാസ് റൂം പഠനം പുനരാരംഭിക്കുമെന്നായിരുന്നു അജ്മാൻ സ്വകാര്യ വിദ്യാഭ്യാസ കാര്യാലയം അറിയിച്ചിരുന്നത്.

എന്നാൽ, മേഖലയിലെ സംഘർഷം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി മാർച്ച് ആറുവരെ ഓൺലൈൻ ക്ലാസുകൾ തുടരാൻ തീരുമാനിച്ചത്. രക്ഷിതാക്കളും വിദ്യാർത്ഥികളും സ്കൂളുകളിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വരും ദിവസങ്ങളിലെ സാഹചര്യം വിലയിരുത്തിയ ശേഷം ക്ലാസ് റൂം പഠനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് പുതിയ തീരുമാനം കൈക്കൊള്ളും.