ഓൺലൈൻ പഠനം വെറുതെ ലോഗിൻ ചെയ്താൽ പോരാ; സ്കൂളുകൾക്ക് കർശന മാനദണ്ഡങ്ങളുമായി ദുബൈ കെ.എച്ച്.ഡി.എ
പശ്ചിമേഷ്യൻ സംഘർഷസാഹചര്യത്തിൽ യുഎഇയിലെ സ്കൂളുകൾ ഓൺലൈൻ പഠനത്തിലേക്ക് മാറിയ പശ്ചാത്തലത്തിൽ, കൃത്യമായ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ച് ക്ലാസുകൾ മുന്നോട്ട് കൊണ്ടുപോകാൻ ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) നിർദ്ദേശം നൽകി. ഏപ്രിൽ 17 വരെ ഓൺലൈൻ പഠനം ദീർഘിപ്പിച്ച സാഹചര്യത്തിലാണ് 'ഇഫക്റ്റീവ് ഡിസ്റ്റൻസ് ലേണിങ് ക്വാളിറ്റി എക്സ്പെക്റ്റേഷൻസ്' എന്ന പേരിൽ അതോറിറ്റി പുതിയ മാർഗരേഖ പ്രസിദ്ധീകരിച്ചത്.
ഓൺലൈൻ ക്ലാസുകളിൽ വിദ്യാർത്ഥികൾ വെറുതെ ലോഗിൻ ചെയ്താൽ മാത്രം പോരെന്നും, പാഠഭാഗങ്ങൾ അവർക്ക് കൃത്യമായി മനസ്സിലാകുന്നുണ്ടെന്ന് സ്കൂളുകൾ ഉറപ്പാക്കണമെന്നും മാർഗരേഖയിൽ വ്യക്തമാക്കുന്നു. ഇന്റർനെറ്റ് സൗകര്യമില്ലാത്തവരെയോ വീട്ടിൽ മുതിർന്നവരുടെ സഹായം ലഭിക്കാത്ത കുട്ടികളെയോ പ്രത്യേകം പരിഗണിക്കണം. പഠനത്തിനായി നീക്കിവെക്കുന്ന സമയത്തേക്കാൾ പഠനത്തിന്റെ ഗുണനിലവാരത്തിനാണ് മുൻഗണന നൽകേണ്ടത്. കുട്ടികളുടെ പ്രായമനുസരിച്ച് വൈവിധ്യമാർന്ന പാഠ്യപ്രവർത്തനങ്ങൾ നൽകണമെന്നും തുടർച്ചയായി കമ്പ്യൂട്ടർ സ്ക്രീനിന് മുന്നിലിരുത്തുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
പരീക്ഷകൾക്ക് അമിത പ്രാധാന്യം നൽകുന്നതിന് പകരം കുട്ടികളുടെ സംശയങ്ങൾ തീർക്കുന്ന രീതിയിലുള്ള വിലയിരുത്തലുകൾ നടത്തണം. ഓൺലൈൻ പഠനകാലത്ത് കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കാനും സൈബർ ബുള്ളിയിങ് പോലുള്ള ഭീഷണികളിൽ നിന്ന് അവരെ സംരക്ഷിക്കാനും സ്കൂളുകൾക്ക് ബാധ്യതയുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികൾക്കും ചെറിയ ക്ലാസുകളിലെ കുട്ടികൾക്കും പ്രത്യേക പരിഗണന നൽകണം. കൂടാതെ, ഓൺലൈൻ പഠനത്തിന്റെ പേരിൽ രക്ഷിതാക്കളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കരുതെന്നും സ്കൂളുകൾക്ക് നിർദ്ദേശമുണ്ട്.
ഭാവിയിൽ അപ്രതീക്ഷിത സാഹചര്യങ്ങളിൽ ഓൺലൈൻ പഠനത്തിലേക്ക് മാറേണ്ടി വരുമ്പോഴും ഈ മാർഗരേഖ സ്ഥിരമായ റഫറൻസായി ഉപയോഗിക്കാം. നിലവിലെ പഠനരീതികൾ ഈ മാനദണ്ഡങ്ങൾക്കനുസരിച്ചാണോ എന്ന് അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ സ്കൂളുകൾ സ്വയം വിലയിരുത്തണമെന്നും കെ.എച്ച്.ഡി.എ കർശനമായി നിർദ്ദേശിച്ചു.