'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം': ഇറാന്റെ കണ്ണ് വെട്ടിച്ച് 10 കോടി ബാരൽ എണ്ണ കടത്തിയെന്ന് ഡൊണാൾഡ് ട്രംപ്
ഇറാൻ അടച്ചുപൂട്ടിയ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ അതീവ രഹസ്യമായി പത്ത് കോടി ബാരലിലധികം എണ്ണ കടത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' എന്ന രഹസ്യ സൈനിക ദൗത്യത്തിലൂടെ ഇരുന്നൂറിലധികം വാണിജ്യ കപ്പലുകളെ സുരക്ഷിതമായി കടത്തിവിട്ടതായും ക്രൂഡോയിൽ അന്താരാഷ്ട്ര വിപണിയിൽ എത്തിച്ചതായും ട്രംപ് വെളിപ്പെടുത്തി. അന്താരാഷ്ട്ര തലത്തിൽ എണ്ണവില ബാരലിന് 200 ഡോളറിന് മുകളിലേക്ക് ഉയരുന്നത് തടയാനും വില 90 ഡോളറിൽ താഴെ നിലനിർത്താനും ഈ ദൗത്യത്തിലൂടെ സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
രാത്രികാലങ്ങളിൽ കപ്പലുകളുടെ ലൈറ്റുകൾ പൂർണ്ണമായി അണച്ചായിരുന്നു ഈ രഹസ്യ നീക്കം. ഇറാന്റെ പക്കൽ കൃത്യമായ റഡാർ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ഈ നീക്കം കണ്ടെത്താൻ അവർക്ക് സാധിച്ചില്ലെന്നാണ് ട്രംപിന്റെ അവകാശവാദം. ഒറ്റ രാത്രിയിൽ മാത്രം ഇത്തരത്തിൽ 22 കപ്പലുകൾ വരെ ഹോർമുസ് കടലിടുക്ക് കടത്തി പുറത്തെത്തിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇപ്പോൾ പൂർണ്ണമായി അമേരിക്കയുടെ കൈവശമാണെന്നും ഇറാന്റെ സൈന്യം പരാജയപ്പെട്ടതായും ട്രംപ് സോഷ്യൽ മീഡിയയിലൂടെ കൂട്ടിച്ചേർത്തു. മേയ് മാസത്തിൽ ആരംഭിച്ച് അതീവ രഹസ്യമായി തുടർന്ന ദൗത്യത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ലോകത്തിലെ എണ്ണവ്യാപാരത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന പാതയായ ഹോർമുസ് കടലിടുക്ക് കഴിഞ്ഞ ഫെബ്രുവരി 28 മുതലാണ് ഇറാൻ അടച്ചത്. ഈ മേഖലയിൽ അമേരിക്കയുടെ അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിനെത്തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായത്. ഇതിന് മറുപടിയായി ഇറാന്റെ വിവിധ നഗരങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു. തുടർന്ന് പശ്ചിമേഷ്യയിലെ 18 അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ റെവല്യൂഷണറി ഗാർഡും ശക്തമായ തിരിച്ചടി നൽകിയിരുന്നു. ഈ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കെയാണ് അമേരിക്കയുടെ രഹസ്യ എണ്ണനീക്കം വിജയം കണ്ടതായി ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.