ഖത്തറിൽ ഔട്ട്‌ഡോർ പരിപാടികൾക്ക് അനുമതി; സാമൂഹിക കൂടിച്ചേരലുകൾക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ്
മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഖത്തറിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ആഭ്യന്തര മന്ത്രാലയം ഇളവ് വരുത്തി. വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകൾ ഉൾപ്പെടെയുള്ള സാമൂഹിക പരിപാടികൾ ഇനി മുതൽ തുറസ്സായ സ്ഥലങ്ങളിൽ (Outdoor) നടത്താൻ അനുമതി നൽകി. രാജ്യത്തെ ക്രമസമാധാന നിലയും പൊതുസുരക്ഷയും കൃത്യമായി വിലയിരുത്തിയ ശേഷമാണ് പുതിയ തീരുമാനം.
സാമൂഹിക പരിപാടികൾ ഇൻഡോർ ഹാളുകളിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നും ടെന്റുകളിലോ തുറസ്സായ സ്ഥലങ്ങളിലോ നടത്തരുതെന്നും കാണിച്ച് മാർച്ച് 18-നായിരുന്നു മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തിയത്. ഒരാഴ്ചയ്ക്ക് ശേഷമാണ് ഇപ്പോൾ ഈ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നത്. അംഗീകൃത സുരക്ഷാ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിച്ച് കൊണ്ട് തന്നെ പൊതുജനങ്ങൾക്ക് ഇനി മുതൽ പുറത്തുള്ള വേദികളിൽ പരിപാടികൾ സംഘടിപ്പിക്കാം.
ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും വ്യക്തികൾക്കോ സമൂഹത്തിനോ ഭീഷണിയാകുന്ന തരത്തിലുള്ള പ്രവൃത്തികൾ ഒഴിവാക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. സംഘാടകർ ബന്ധപ്പെട്ട അധികാരികളുമായി കൃത്യമായ ഏകോപനം നടത്തണം. മന്ത്രാലയത്തിന്റെ മുൻ നിർദ്ദേശങ്ങളോട് സഹകരിച്ച പൊതുജനങ്ങളെ അധികൃതർ പ്രശംസിച്ചു. ജനങ്ങളുടെ ഈ സാമൂഹിക അവബോധം രാജ്യത്തെ സുസ്ഥിരത നിലനിർത്താൻ സഹായിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.