ദുബൈ ഇന്റർനാഷണൽ സിറ്റിയിൽ പെയ്ഡ് പാർക്കിങ്; ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

 

ദുബൈ ഇന്റർനാഷണൽ സിറ്റിയിൽ 2026 ഫെബ്രുവരി ഒന്ന് മുതൽ പെയ്ഡ് പാർക്കിങ് സംവിധാനം നടപ്പിലാക്കുന്നു. ഇതുസംബന്ധിച്ച അറിയിപ്പുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം സ്ഥാപിച്ചുകഴിഞ്ഞു. ഞായറാഴ്ചകളും പൊതു അവധി ദിനങ്ങളും ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മണി മുതൽ അർധരാത്രി വരെയാണ് പാർക്കിങ് ഫീസ് നൽകേണ്ടി വരിക.

പുതുക്കിയ നിരക്കുകൾ പ്രകാരം 30 മിനിറ്റ് പാർക്കിങ്ങിന് രണ്ട് ദിർഹമായിരിക്കും ഫീസ്. ഒരു മണിക്കൂറിന് മൂന്ന് ദിർഹവും രണ്ട് മണിക്കൂറിന് ആറ് ദിർഹവുമാണ് ഈടാക്കുക. കൂടുതൽ സമയം പാർക്ക് ചെയ്യുന്നവർക്കുള്ള നിരക്കുകൾ താഴെ പറയുന്നവയാണ്:

  • 3 മണിക്കൂർ: 9 ദിർഹം

  • 4 മണിക്കൂർ: 12 ദിർഹം

  • 7 മണിക്കൂർ: 22 ദിർഹം

  • 24 മണിക്കൂർ: 25 ദിർഹം

ഏഴ് മണിക്കൂറിന് മുകളിലുള്ള പാർക്കിങ്ങിന് 24 മണിക്കൂർ നിരക്കായ 25 ദിർഹം നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ താമസക്കാർക്കും സന്ദർശകർക്കും ഒരേ നിരക്കാണ് ബോർഡുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ താമസക്കാർക്ക് നിരക്കുകളിൽ എന്തെങ്കിലും ഇളവുകൾ ലഭിക്കുമോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പെയ്ഡ് പാർക്കിങ് വരുന്നതോടെ ഇന്റർനാഷണൽ സിറ്റിയിലെ പാർക്കിങ് തിരക്കിന് പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്.