മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ മേയ് ആറുമുതൽ പെയ്ഡ് പാർക്കിങ്; മൂന്നാം ഘട്ടം നടപ്പിലാക്കുന്നു

 

മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ കൂടുതൽ വാണിജ്യ മേഖലകളിലേക്ക് പെയ്ഡ് പാർക്കിങ് സംവിധാനം വിപുലീകരിച്ച് അബുദാബി ക്യു മൊബിലിറ്റി. മൂന്നാം ഘട്ടത്തിന്റെ ഭാഗമായി മേയ് ആറ് മുതലാണ് പെയ്ഡ് പാർക്കിങ് സംവിധാനം നിലവിൽ വരിക. പാർക്കിങ് ക്രമപ്പെടുത്തുന്നതിനും ഗതാഗത തടസ്സങ്ങൾ ഒഴിവാക്കി റോഡ് ഗതാഗതം സുഗമമാക്കുന്നതിനുമാണ് ഈ പുതിയ നടപടി.

എം.ഇ 9, എം.ഇ 12 എന്നീ വാണിജ്യ മേഖലകളിലാണ് പുതുതായി പെയ്ഡ് പാർക്കിങ് ഏർപ്പെടുത്തുന്നത്. മണിക്കൂറിന് രണ്ട് ദിർഹമാണ് പാർക്കിങ് ഫീസ് ആയി നിശ്ചയിച്ചിരിക്കുന്നത്. പാർക്കിങ് ഫീസ് അടയ്ക്കുന്നതിനായി ദർബ്, താം ആപ്ലിക്കേഷനുകൾ, എസ്.എം.എസ് സേവനങ്ങൾ, പാർക്കിങ് കേന്ദ്രങ്ങളിലെ പേയ്‌മെന്റ് മെഷീനുകൾ എന്നിവ യാത്രക്കാർക്ക് ഉപയോഗിക്കാം. നിശ്ചയദാർഢ്യ വിഭാഗത്തിൽപ്പെട്ടവർക്കായി പ്രത്യേക പാർക്കിങ് സൗകര്യങ്ങളും ഈ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്.

മൂന്നാം ഘട്ടത്തിൽ ആകെ 10,205 പാർക്കിങ് ഇടങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിൽ എം.ഇ 9-ൽ 3,219 ഇടങ്ങളും എം.ഇ 12-ൽ 6,986 ഇടങ്ങളുമാണുള്ളത്. മുൻപ് 2025 ഡിസംബറിൽ ഒന്നാം ഘട്ടവും 2026 ഏപ്രിൽ ആറിന് രണ്ടാം ഘട്ടവും വിവിധ മേഖലകളിൽ നടപ്പിലാക്കിയിരുന്നു. ഗതാഗത സംവിധാനം കുറ്റമറ്റതാക്കാനുള്ള ക്യു മൊബിലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ വിപുലീകരണം.