അൽ ഐനിലെ മൂന്ന് പുതിയ മേഖലകളിൽ അടുത്ത ആഴ്ച മുതൽ പെയ്ഡ് പാർക്കിങ് നടപ്പിലാക്കും
അൽ ഐൻ നഗരത്തിലെ മൂന്ന് പുതിയ സെക്ടറുകളിൽ പെയ്ഡ് പാർക്കിങ് സംവിധാനം വ്യാപിപ്പിക്കുന്നതായി ക്യു മൊബിലിറ്റി (Q Mobility) അറിയിച്ചു. അബുദാബി മുൻസിപ്പാലിറ്റി വകുപ്പിന് കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററിന്റെ (അബുദാബി മൊബിലിറ്റി) മേൽനോട്ടത്തിൽ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ ഈ മേഖലകളിൽ നിർബന്ധിത പാർക്കിങ് ഫീസ് പ്രാബല്യത്തിൽ വരും. പൊതു പാർക്കിങ് സംവിധാനങ്ങൾ കൂടുതൽ ക്രമീകരിക്കുന്നതിനും ഗതാഗത സുഗമമാക്കുന്നതിനുമാണ് പുതിയ പദ്ധതി.
അൽ മുത്തരിദ് (Al Mu'tarid), സെൻട്രൽ ഡിസ്ട്രിക്റ്റ് (Central District) എന്നിവിടങ്ങളിലെ മൂന്ന് സെക്ടറുകളിലായി ആകെ 1,455 പാർക്കിങ് ഇടങ്ങളിലാണ് പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്. ഇതിൽ ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക പാർക്കിങ് ഇടങ്ങളും ഉൾപ്പെടുന്നു. ജനസംഖ്യ വർദ്ധനവും വാണിജ്യ പ്രവർത്തനങ്ങളുടെ വിപുലീകരണവും കാരണം അൽ ഐനിൽ പൊതു പാർക്കിങ് ഇടങ്ങളിലുണ്ടായ വർദ്ധിച്ച തിരക്ക് കണക്കിലെടുത്താണ് ഈ നടപടി.
സ്റ്റാൻഡേർഡ് പാർക്കിങ് സ്ഥലങ്ങൾക്ക് മണിക്കൂറിന് 2 ദിർഹം നിരക്കിലായിരിക്കും ഫീസ് ഈടാക്കുക. 'ദർബ്' (Darb), 'തമ്' (TAMM) ആപ്പുകൾ വഴി ഉപഭോക്താക്കൾക്ക് ഫീസ് അടയ്ക്കാൻ സാധിക്കും. നിശ്ചിത പാർക്കിങ് നിർദ്ദേശങ്ങൾ പാലിക്കണമെന്നും വാഹനം പാർക്ക് ചെയ്യുമ്പോൾ കൃത്യമായി ഫീസ് അടയ്ക്കണമെന്നും അധികൃതർ വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു.