നോട്ട് നിരോധനത്തിനൊരുങ്ങി പാകിസ്താൻ; 10 രൂപ നോട്ട് പിൻവലിക്കും, 5,000 നോട്ട് മാറ്റും
Aug 28, 2026, 14:38 IST
ഇന്ത്യക്ക് പിന്നാലെ പാകിസ്താനിലും നോട്ട് നിരോധനം നടപ്പിലാക്കാൻ ഒരുങ്ങുന്നു. 10 രൂപയുടെ നോട്ടുകൾ പൂർണമായും പിൻവലിക്കാനാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താൻ നീക്കം നടത്തുന്നത്. 10 രൂപ നോട്ടിന് പകരം നാണയം മാത്രമായിരിക്കും ഇനി വിപണിയിലുണ്ടാവുക. ഇതിനൊപ്പം 5,000 രൂപ നോട്ടുകളിൽ മാറ്റം വരുത്താനും തീരുമാനിച്ചിട്ടുണ്ട്.
5,000 രൂപ നോട്ട് വ്യാപകമായി ദുരുപയോഗം ചെയ്യുന്നതും കള്ളനോട്ടടിക്കാൻ സാധ്യതയുള്ളതും കണക്കിലെടുത്താണ് നിർണായക മാറ്റമെന്ന് പാകിസ്താൻ ഡെപ്യൂട്ടി ഗവർണർ ഡോ. ഇനിയാത് ഹുസൈൻ വ്യക്തമാക്കി. 2005-ൽ പുറത്തിറക്കിയ 5,000 രൂപയുടെ പുതിയ നോട്ടുകൾ അച്ചടിക്കുന്നതിനായി പാകിസ്താൻ ഇതിനകം ടെൻഡർ വിളിച്ചിട്ടുണ്ട്. 14 രൂപയാണ് ഒരു നോട്ട് അച്ചടിക്കുന്നതിനുള്ള ചെലവ്.