ഇമ്രാൻ ഖാന് ആശ്വാസം: ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റാൻ പാകിസ്താൻ സുപ്രീം കോടതി ഉത്തരവ്

 

ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിട്ട് പാക് സുപ്രീം കോടതി. തടവിലായ ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുന്നുവെന്ന കുടുംബത്തിന്റെയും പാർട്ടിയുടെയും ആശങ്കകൾ പരിഗണിച്ചാണ് കോടതി നടപടി. ഇമ്രാന്റെ കാഴ്ചശക്തിക്ക് കാര്യമായ തകരാർ സംഭവിച്ചതായി അഭിഭാഷകർ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

അടുത്ത 48 മണിക്കൂറിനുള്ളിൽ അദ്ദേഹത്തെ ഇസ്ലാമാബാദിലെ ശിഫ ഇന്റർനാഷണൽ ആശുപത്രിയിലേക്ക് മാറ്റാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. സെപ്റ്റംബർ 16 വരെ അദ്ദേഹത്തിന് ആശുപത്രിയിൽ ചികിത്സയിൽ തുടരാം. ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി ഇമ്രാന്റെ പാർട്ടിയായ പിടിഐ അറിയിച്ചു.

2022-ൽ അധികാരത്തിൽ നിന്ന് പുറത്തായതിന് പിന്നാലെ രജിസ്റ്റർ ചെയ്ത കേസുകളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്ന് 73-കാരനായ ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില പൂർണ്ണമായും തൃപ്തികരമാകുന്നത് വരെ ആശുപത്രി പരിചരണം ഉറപ്പാക്കണമെന്നാണ് പാർട്ടി വക്താക്കളുടെ ആവശ്യം.