ഉംറയ്ക്കെത്തിയ പാലക്കാട് സ്വദേശിനി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു
Apr 6, 2026, 18:48 IST
ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തിയ മലയാളി മഹിള റിയാദിൽ അന്തരിച്ചു. പാലക്കാട് പട്ടാമ്പി കൊണ്ടൂർക്കര നെരയാൻകുന്ന് സ്വദേശിനി സഫിയ (55) ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. രണ്ടാഴ്ച മുമ്പാണ് ഇവർ ഉംറ വിസയിൽ സൗദിയിലെത്തിയത്.
പുണ്യകർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷം റിയാദിലുള്ള സഹോദരന്റെ കൂടെ താമസിച്ചുവരികയായിരുന്നു. പരേതയുടെ ഏക മകൾ ആരിഫ നാട്ടിലാണ്. മൃതദേഹം റിയാദിൽ തന്നെ ഖബറടക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിച്ചുവരികയാണ്.
റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് പ്രതിനിധികളായ റിയാസ് ചിങ്ങത്ത്, സി.വി. ഇസ്മാഈൽ, ജാഫർ വീമ്പൂർ, ഇസ്ഹാഖ് താനൂർ, ജുനൈദ് മൂന്നിയൂർ എന്നിവരും സഹോദരൻ സലാഹുദ്ദീനും ചേർന്ന് ഖബറടക്കൽ നടപടികൾക്ക് നേതൃത്വം നൽകുന്നു.