ഇന്ത്യയിൽനിന്നു വിദേശത്തേക്ക് പോകുന്നവർക്ക് പേപ്പർ ബോർഡിങ് പാസ് വേണ്ട; ബോർഡിങ് പാസിൽ സ്റ്റാമ്പും പതിക്കില്ല
വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അറിയിച്ചു. ഇന്ത്യയിലെ വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിങ് പാസിൽ സീൽ പതിപ്പിക്കുന്ന രീതിയും ഇതോടൊപ്പം അവസാനിപ്പിക്കും. അന്താരാഷ്ട്ര വിമാനത്താവള ഓപ്പറേറ്റർമാർക്കും സി.ഐ.എസ്.എഫിനും (CISF) ഇതുസംബന്ധിച്ച നിർദേശം കൈമാറി.
യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായി ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം. സ്റ്റാമ്പ് ചെയ്യുമ്പോൾ ഉണ്ടാകുന്ന പിഴവുകൾ ഒഴിവാക്കാനും യാത്രക്കാരുടെ സമയം ലാഭിക്കാനും ഇതിലൂടെ സാധിക്കുമെന്ന് ഡൽഹി ഫോറിനേഴ്‌സ് റീജണൽ രജിസ്‌ട്രേഷൻ ഓഫീസർ (FRRO) ദീപക് യാദവ് അറിയിച്ചു.
പുതിയ ഉത്തരവ് പ്രകാരം ഇന്ത്യയിൽ നിന്നുള്ള ഇമിഗ്രേഷൻ ക്ലിയറൻസിനായി ഡിജിറ്റൽ അല്ലെങ്കിൽ ഇ-ബോർഡിങ് പാസുകൾ കാണിച്ചാൽ മതിയാകും. പേപ്പർ ബോർഡിങ് പാസ് ഉപയോഗിക്കുന്നവർക്ക് അത് തുടരാമെങ്കിലും അവയിലും ഇനിമുതൽ സ്റ്റാമ്പ് പതിക്കില്ല. രാജ്യത്തെ മുഴുവൻ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും സെപ്റ്റംബർ ഒന്നു മുതൽ പുതിയ സംവിധാനം നിലവിൽ വരും.