ഷാർജയിൽ പാർക്കിങ്​ എളുപ്പമാകും; കൂടുതൽ സ്മാർട്​ യാർഡുകൾ നിർമിക്കുന്നു

 

ഷാർജ എമിറേറ്റിലെ പാർക്കിങ് പ്രശ്നങ്ങൾക്ക് പരിഹാരമായി കൂടുതൽ സ്മാർട്ട് പാർക്കിങ് യാർഡുകൾ തുറക്കാൻ ഷാർജ മുനിസിപ്പാലിറ്റി തീരുമാനിച്ചു. നിലവിലുള്ള 10 സ്മാർട്ട് യാർഡുകൾക്ക് പുറമെ ആറെണ്ണം കൂടിയാണ് പുതുതായി വരുന്നത്. പരമ്പരാഗത പെയ്ഡ് പാർക്കിങ് രീതിക്ക് ബദലായി കൊണ്ടുവന്ന ഈ സംവിധാനം ദിവസേന 24 മണിക്കൂറും പ്രവർത്തിക്കും. സാധാരണ പാർക്കിങ് മേഖലകളിൽ ലഭിക്കാറുള്ള സൗജന്യ പാർക്കിങ് സമയം സ്മാർട്ട് യാർഡുകളിൽ ലഭ്യമാകില്ല.

നിർമ്മിത ബുദ്ധി (AI) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ യാർഡുകൾ നിയന്ത്രിക്കുന്നത്. പ്രവേശന കവാടങ്ങളിലും എക്സിറ്റുകളിലും സ്ഥാപിച്ചിട്ടുള്ള അത്യാധുനിക ക്യാമറകൾ വാഹനങ്ങളുടെ ലൈസൻസ് പ്ലേറ്റ് റീഡ് ചെയ്ത് പാർക്കിങ് ഫീസ് കണക്കാക്കും. നിലവിൽ 10 സ്മാർട്ട് യാർഡുകളിലായി 2,421 പാർക്കിങ് ഇടങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളത്. പുതിയ ആറ് യാർഡുകൾ കൂടി വരുന്നതോടെ 1,457 ഇടങ്ങൾ കൂടി അധികമായി ലഭിക്കും.

സ്മാർട്ട് പാർക്കിങ് യാർഡുകളിൽ സാധാരണ പൊതു പാർക്കിങ്ങിൽ ഉപയോഗിക്കുന്ന എസ്.എം.എസ് പേയ്‌മെന്റുകളോ സീസണൽ സബ്സ്ക്രിപ്ഷനുകളോ ബാധകമല്ലെന്ന് പബ്ലിക് പാർക്കിങ് വകുപ്പ് ഡയറക്ടർ ഹമദ് അൽ ഖായിദ് വ്യക്തമാക്കി. കുറഞ്ഞ സമയത്തേക്കുള്ള പാർക്കിങ്ങിനൊപ്പം ദീർഘകാല സബ്സ്ക്രിപ്ഷൻ എടുക്കാനും ഉപഭോക്താക്കൾക്ക് അവസരമുണ്ടാകും. വാണിജ്യ, ടൂറിസം മേഖലകളിലെ പാർക്കിങ് തിരക്ക് കുറയ്ക്കാൻ ഈ സ്മാർട്ട് സംവിധാനം സഹായിക്കും.